സജീവ രാഷ്ട്രീയത്തിലുള്ള അഞ്ചു പേരാണ് ഗൂഢാലോചനയ്ക്ക് പിന്നിലെന്ന് പത്മജ; ചതിച്ചത് നരസിംഹറാവുവെന്ന് മുരളീധരന്‍

തിരുവനന്തപുരം: ഇപ്പോഴും രാഷ്ട്രീത്തില്‍ പ്രവര്‍ത്തിക്കുന്ന അഞ്ചുപേരാണ് ഐഎസ്ആര്‍ഒ ചാരക്കേസിന് പിന്നിലെന്ന് കെ കരുണാകരന്റെ മകളും കോണ്‍ഗ്രസ് നേതാവുമായ പത്മജ വേണുഗോപാല്‍. ജുഡീഷ്യല്‍ കമ്മീഷന്‍ ചോദിച്ചാല്‍ അവരുടെ പേരുകള്‍ പറയും. മൂന്ന് ഉദ്യോഗസ്ഥരില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നതല്ല കേസ്. ഇത് ഒരു തുടക്കം മാത്രമാണ്. ജൂഡീഷ്യല്‍ കമ്മീഷന്‍ തിരക്കിയില്ല എങ്കില്‍ അവരെ അങ്ങോട്ട് സമീപിക്കും എന്നും പത്മജ പറഞ്ഞു.

അമ്മ മരിച്ച് അച്ഛന്‍ മാനസികമായി തളര്‍ന്നിരിക്കുന്ന സമയത്താണ് എല്ലാവരും ചേര്‍ന്ന് അദ്ദേഹത്തെ അക്രമിച്ചത്. പിന്നീട് ജീവിതവും രാഷ്ട്രീയവും ഒന്നും വേണ്ട എന്ന് വെച്ച് അദ്ദേഹം കീഴടങ്ങുകയായിരുന്നു. മാനസികമായി ധൈര്യം ഉണ്ടായിരുന്ന സമയത്താണ് അക്രമിച്ചതെങ്കില്‍ കെ കരുണാകരന്‍ ഒരിക്കലും അവര്‍ക്കു മുന്നില്‍ കീഴടങ്ങില്ലായിരുന്നു. മാനസികമായി തളര്‍ന്ന സമയത്ത് അടിച്ചപ്പോള്‍ അദ്ദേഹം വീണുപോവുകയായിരുന്നു എന്നും പത്മജ പറഞ്ഞു.

അദ്ദേഹത്തിന് മരണംവരെ ഇതില്‍ സങ്കടം ഉണ്ടായിരുന്നു. രാജ്യത്തിനെ സ്‌നേഹിച്ച ഒരാളെ രാജ്യദ്രോഹിയായി ചിത്രീകരിച്ച് അദ്ദേഹത്തെ തേജോവധം ചെയ്തു. കെ കരുണാകരന്റെ നിരപരാധിത്വം തെളിയിക്കേണ്ടത് പാര്‍ട്ടിയുടെ ഉത്തരവാദിത്വമാണ്. അദ്ദേഹത്തെ ചതിച്ചവര്‍ ഇന്ന് സുരക്ഷിതരായി ഇരിക്കുകയാണ്. അവര്‍ക്കുള്ള തിരിച്ചടിയാണ് ഇന്നത്തെ കോടതി വിധി എന്നും പത്മജ പറഞ്ഞു.

അതേസമയം കെ കരുണാകരനെ ലക്ഷ്യം വയ്ക്കുന്ന ചാരക്കേസിന് പിന്നില്‍ അന്നത്തെ പ്രധാനമന്ത്രി പിവി നരസിംഹ റാവുവായിരുന്നവെന്ന് കെ കരുണാകരന്‍ പ്രതികരിച്ചു. കേസില്‍ നീതി കിട്ടാതെ മരണപ്പെട്ടത് കെ കരുണാകരന്‍ മാത്രമാണ്. സുപ്രിം കോടതി വിധിയോടെ കെ കരുണാകരന്റെ നിരപരാധിത്വം തെളിഞ്ഞു. വിധിയെ സ്വാഗതം ചെയ്യുന്നു. അന്വേഷണം സംഘം വിളിച്ചാല്‍ ഹാജരാകും എന്നും മുരളീധരന്‍ പറഞ്ഞു.

DONT MISS
Top