ഐഎസ്ആര്‍ഒ ചാരക്കേസ്: നമ്പി നാരായണനുള്ള നഷ്ടപരിഹാര തുക നല്‍കേണ്ടത് സംസ്ഥാന സര്‍ക്കാര്‍

നമ്പി നാരായണന്‍

ദില്ലി: ഐഎസ്ആര്‍ഒ ചരാക്കേസില്‍ നമ്പി നാരായണനുള്ള 50 ലക്ഷം രൂപ നഷ്ടപരിഹാര തുക നല്‍കേണ്ടത് സംസ്ഥാന സര്‍ക്കാരെന്ന് സുപ്രിം കോടതി. എട്ടാഴ്ചക്കകം സംസ്ഥാന സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണം. നഷ്ടപരിഹാരത്തിന് സിവില്‍ സ്യൂട്ടുമായി നമ്പി നാരായണന് മുന്നോട്ട് പോകാം. നമ്പി നാരായണന്‍ നല്‍കിയ ഹര്‍ജിയിലാണ് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് വിധി പ്രസ്താവിച്ചത്. സിബി മാത്യൂസ്, കെകെ ജോഷുവ, എസ് വിജയന്‍ എന്നീ ഉദ്യോഗസ്ഥരില്‍ നിന്ന് നഷ്ടപരിഹാര തുക ഈടാക്കി നല്‍കണം എന്നാതായിരുന്നു നമ്പി നാരായണന്‍ ഹര്‍ജിയിലെ ആവശ്യം.

നമ്പി നാരായന്റെ അറസ്റ്റ് അനാവശ്യമായിരുന്നു എന്ന് സുപ്രിം കോടതി പറഞ്ഞു. കൂടാതെ ഐഎസ്ആര്‍ഒ ചാരക്കേസ് അന്വേഷിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണം നടത്താനും കോടതി ഉത്തരവിട്ടു. റിട്ടയേഡ് ജസ്റ്റിസ് ഡികെ ജെയിനിന്റെ നേതൃത്വത്തിലുള്ള കമ്മിറ്റിയാണ് അന്വേഷണം നടത്തുക. സിബി മാത്യൂസ്, കെകെ ജോഷ്വ, എസ് വിജയന്‍ എന്നിവര്‍ക്കെതിരായാണ് അന്വേഷണം. കമ്മിറ്റിയില്‍ കേന്ദ്ര, സംസ്ഥാന പ്രതിനിധികളെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അന്വേഷണത്തിന്റെ ചെലവ് കേന്ദ്ര സര്‍ക്കാരാണ് വഹിക്കേണ്ടത്.

സുപ്രിം കോടതി വിധിയില്‍ സന്തോഷം ഉള്ളതായി  ശാസ്ത്രഞ്ജന്‍ നമ്പി നാരായണന്‍ പ്രതികരിച്ചു. പഴയതിലും മെച്ചപ്പെട്ട അവസ്ഥയാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്. കേസില്‍ നഷ്ടപരിഹാസം നല്‍കണം എന്നു പോലും ഞാന്‍ ആവശ്യപ്പെട്ടിരുന്നില്ല. കുറ്റക്കാര്‍ക്ക് ശിക്ഷ ലഭിക്കണം എന്നതായിരുന്നു എന്റെ ആവശ്യം.

1994 ല്‍ രാഷ്ട്രീയ കോളിളക്കം സൃഷ്ടിച്ച ചാരക്കേസില്‍ തന്നെ കുടുക്കിയവര്‍ക്കെതിരെ നടപടിയും നഷ്ടപരിഹാരവും ആവശ്യപ്പെട്ടാണ് നമ്പി നാരായണന്റെ ഹര്‍ജി. അന്വേഷണ ഉദ്യോഗസ്ഥരായ സിബി മാത്യൂസ്, കെകെ ജോഷ്‌വ, എസ് വിജയന്‍ എന്നിവര്‍ കുറ്റക്കാരാണെന്ന് സിബിഐ കണ്ടെത്തിയതിനാല്‍ നടപടി വേണമെന്നാണ് ആവശ്യം. നടപടി വേണ്ടെന്ന് 2012ല്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ തീരുമാനിച്ചതിനെ തുടര്‍ന്ന് ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഡിവിഷന്‍ ബഞ്ച് സര്‍ക്കാര്‍ നടപടി ശരിവച്ചിരുന്നു.

നമ്പി നാരായണന് 50 ദിവസത്തോളം ജയിലില്‍ കഴിയേണ്ടി വന്ന കേസില്‍ വീഴ്ച വരുത്തിയ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് എതിരെ നടപടി വേണമെന്ന് സിബിഐ ആവശ്യപ്പെട്ടിരുന്നു. അന്വേഷണ ഉദ്യോഗസ്ഥരുടെ വീഴ്ച അന്വേഷിക്കാന്‍ തയ്യാറാണെന്ന് സിബിഐ സുപ്രിം കോടതിയെ അറിയിച്ചിരുന്നു. ഇടത് സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കാതെ തീരുമാനം കോടതിക്ക് വിട്ടു. ഔദ്യോഗിക ചുമതല നിര്‍വഹിക്കുക മാത്രമാണ് ചെയ്തതെനായിരുന്നു ഉദ്യോഗസ്ഥരുടെ വാദം.

DONT MISS
Top