കന്യാസ്ത്രീമാരുടെ സമരം അഞ്ചാം ദിവസത്തിലേക്ക്; ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പ്രമുഖര്‍

കൊച്ചി: ജലന്തര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യണം എന്നാവശ്യപ്പെട്ട് കൊച്ചിയിലെ ഹൈക്കോടതി പരിസരത്ത് കന്യാസ്ത്രീകള്‍ നടത്തിവരുന്ന സമരം അഞ്ചാം ദിവസത്തിലേക്ക് കടന്നു. കന്യാസ്ത്രീകളുടെ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സാമൂഹിക, സാംസ്‌കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖരാണ് സമരപ്പന്തലിലേക്ക് എത്തിച്ചേരുന്നത്. എംവി ശ്രേയാംസ് കുമാര്‍, വര്‍ഗീസ് ജോര്‍ജ്, കോണ്‍ഗ്രസ് നേതാവ് അജയ് തറയില്‍, ബിജെപി നേതാക്കളായ എഎന്‍ രാധാകൃഷ്ണന്‍,  ശോഭാ സുരേന്ദ്രന്‍ തുടങ്ങിയവര്‍ സമരപന്തല്‍ സന്ദര്‍ശിച്ചു.

ഫ്രാങ്കോ മുളയക്കലിനെ അറസ്റ്റ് ചെയ്യണം എന്നാവശ്യപ്പെട്ടുള്ള സമരം ഇന്ന് സെക്രട്ടറിയേറ്റിന് മുന്നിലേക്കും വ്യാപിപ്പിച്ചിരിക്കുകയാണ്. സേവ് അവര്‍ സിസ്റ്റേഴ്‌സ് കര്‍മസമിതിയുടെ നേതൃത്വത്തിലാണ് സെക്രട്ടറിയേറ്റിനു മുന്‍പില്‍ സമരം നടത്തുന്നത്.

സെക്രട്ടറിയേറ്റ് പടിക്കല്‍ നടക്കുന്ന സമരം കോണ്‍ഗ്രസ് നേതാവ് വിഎം സുധീരന്‍ സന്ദര്‍ശിച്ചു. സിപിഐ നേതാവ് പന്ന്യന്‍ രവീന്ദ്രന്‍ സമരത്തിന് പിന്തുണ അറിയിച്ച് ഇവിടേക്ക് എത്തുമെന്ന് ഇന്നലെ അറിയിച്ചിരുന്നു. എന്നാല്‍ അദ്ദേഹം ഇവിടെ എത്തിച്ചേര്‍ന്നില്ല.

DONT MISS
Top