ട്രെയിനുകളിലൂടെയും ദീര്‍ഘദൂര ബസുകളിലൂടെയും  മയക്കുമരുന്ന് കേരളത്തിലേക്ക് എത്തുന്നതായി രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ട്

പ്രതീകാത്മക ചിത്രം

കോഴിക്കോട്: ട്രെയിനുകളിലൂടെയും ദീര്‍ഘദൂര ബസുകളിലൂടെയും വന്‍തോതില്‍ മയക്കുമരുന്ന് കേരളത്തിലേക്ക് എത്തുന്നതായി രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ട്. പരിശോധന കര്‍ശനമാക്കാന്‍ എക്‌സൈസ് ആര്‍പിഎഫിന്റെയും പൊലീസിന്റെയും സഹായം തേടി.

ഇതരസംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലേക്ക് വരുന്ന ട്രെയിനുകളിലൂടെ നിത്യവും വന്‍ തോതില്‍ കഞ്ചാവ് കേരളത്തില്‍ എത്തുന്നുവെന്നാണ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ കണ്ടെത്തല്‍. നൂറ് കണക്കിന് കാരിയര്‍മാരാണ് ഈ ആവശ്യത്തിന് മാത്രമായി ഇവിടേക്ക് വരുന്നത്. ജനറല്‍ കമ്പാര്‍ട്ടുകളിലെ ആളില്ലാ പൊതികള്‍ കഞ്ചാവ് കെട്ടുകളാണെന്ന് നിരവധി തവണ ബോധ്യപ്പെട്ടിട്ടുണ്ട്. ട്രെയിനുകളിലെ കര്‍ശന പരിശോധനകളിലൂടെ മാത്രമെ ഇത് തടയാനാകൂ. ഇതിനായി ആര്‍പിഎഫിന്റെ സഹായം എക്‌സൈസ് തേടിയിട്ടുണ്ട്.

ദീര്‍ഘദൂര ബസുകളിലൂടെ വരുന്ന ലഹരി വസ്തുക്കള്‍ പൊലീസിന്റെ സഹായത്തോടെ പിടികൂടും. അതിര്‍ത്തികളില്‍ ബോര്‍ഡര്‍ പട്രോളിംഗ് യൂനിറ്റിന്റെ സാന്നിധ്യം ഉറപ്പ് വരുത്തും. കുട്ടികളിലേക്ക് ലഹരിയെത്തുന്ന വഴികളും കര്‍ശന നീരീക്ഷണത്തിലാണ്. അന്യ സംസ്ഥാന തൊഴിലാളികളുടെ താമസസ്ഥലങ്ങള്‍ ലഹരി വസ്തുക്കളുടെ കേന്ദ്രങ്ങളാണെന്നുള്ള പരാതികള്‍ മിക്കയിടത്തും ഉണ്ട്. ഇത്തരം സ്ഥലങ്ങളില്‍ എക്‌സൈസും പൊലീസും കൂടുതല്‍ ജാഗ്രത കാട്ടും.

DONT MISS
Top