ആലപ്പുഴ-ചങ്ങനാശേരി റോഡ് ഗതാഗതയോഗ്യമായി

ആലപ്പുഴ: മാസങ്ങളായി വെള്ളക്കെട്ടിലായിരുന്ന ആലപ്പുഴ-ചങ്ങനാശേരി റോഡ് ഗതാഗതയോഗ്യമായി. വെള്ളം പൂര്‍ണമായും വറ്റിച്ച് ഗതാഗതം പുനസ്ഥാപിച്ചെങ്കിലും വെള്ളം നിന്ന റോഡില്‍ വലിയകുഴികള്‍ രൂപപ്പെട്ടത് അപകടങ്ങള്‍ക്ക് കാരണമാകുന്നു. എസി റോഡിലെ കുഴി അടയ്ക്കല്‍ ആരംഭിച്ചെങ്കിലും പലയിടത്തും കരാറുകാരുടെ കണ്ണെത്തുന്നില്ലെന്നാണ് യാത്രക്കാരുടെ പരാതി.

ആലപ്പുഴ ജില്ലയെ കോട്ടയവുമായി ബന്ധിപ്പിക്കുന്ന പ്രധാന പാതയാണ് ആലപ്പുഴ-ചങ്ങനാശേരി റോഡ്. ഒന്നര മാസത്തിലേറെയായി വെള്ളത്തില്‍ മുങ്ങിയ റോഡില്‍ വെള്ളം ഇറങ്ങിയപ്പോള്‍ ഇതാണ് അവസ്ഥ. പള്ളാത്തുരുത്തി മുതല്‍ ചങ്ങനാശേരി വരെ റോഡില്‍ നിറയെ കുഴികളാണ്. മങ്കൊമ്പ്, നെടുമുടി എന്നിവിടങ്ങളില്‍ വലിയ കുഴികളില്‍ മെറ്റല്‍ നിറച്ച് താല്‍ക്കാലികമായി ടാര്‍ ചെയ്യുന്നുണ്ടെങ്കിലും പലയിടത്തും കുഴികള്‍ പൂര്‍ണമായും അടച്ചിട്ടില്ല. റോഡില്‍ വലിയ വാഹനങ്ങള്‍ കുഴികളില്‍ വീഴുന്നത് നിത്യസംഭവമായി മാറിക്കഴിഞ്ഞു. റോഡിലെ കുഴികളില്‍ വീണ് യാത്രക്കാര്‍ക്ക് പരിക്കേല്‍ക്കുന്നതും പതിവായിരിക്കുകയാണ്.

അതേ സമയം ആലപ്പുഴ-ചങ്ങനാശേരി റോഡിന്റെ നവീകരണത്തിനായി കെഎസ്ഡിപി വിളിച്ച ഇ ടെണ്ടര്‍ നടപടികള്‍ ഇന്നവസാനിക്കും. വര്‍ഷത്തില്‍ പകുതിയിലേറെയും വെള്ളക്കെട്ടിലാകുന്ന എസി റോഡ് ഉയര്‍ത്തി പുനര്‍നിര്‍മ്മിച്ചാല്‍ മാത്രമേ വെളള കെട്ടിന് ശാശ്വത പരിഹാരം കാണാന്‍ കഴിയൂ.

DONT MISS
Top