ഫ്രാങ്കോ മുളയ്ക്കല്‍ കേസ്: അന്വേഷണ സംഘത്തിന്റെ നിര്‍ണായക യോഗം ഇന്ന്

കൊച്ചി: ജലന്തര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ കന്യാസ്ത്രീയുടെ ലൈംഗിക ആരോപണ പരാതിയുടെ അന്വേഷണ പുരോഗതികള്‍ വിലയിരുത്തുന്നതിനായി ഇന്ന് അന്വേഷണ സംഘത്തിന്റെ നിര്‍ണായക യോഗം ചേരും. രാവിലെ പതിനൊന്നു മണിക്കാണ് യോഗം ചേരുന്നത്. കൊച്ചി റേഞ്ച് ഐജി വിജയ് സാഖറയുടെ നേതൃത്വത്തിലാണ് യോഗം ചേരുന്നത്. അന്വേഷണ സംഘവും കോട്ടയം ജില്ലാ പൊലീസ് മേധാവിയും യോഗത്തില്‍ പങ്കെടുക്കും. ബിഷപ്പിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട കാര്യങ്ങളെക്കുറിച്ചും വീണ്ടും ചോദ്യം ചെയ്യുന്നതിനെക്കുറിച്ചും യോഗത്തില്‍ ചര്‍ച്ച ചെയ്യും.

ഐജിയുടെ നിര്‍ദേശ പ്രകാരമുള്ള അന്വേഷണം പൊലീസ് പൂര്‍ത്തിയാക്കി.  ഫ്രാങ്കോ മുളയ്ക്കലിനെ വീണ്ടും ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് വ്യാഴാഴ്ച അന്വേഷണം സംഘം ഫ്രാങ്കോ മുളയ്ക്കലിന് നോട്ടീസ് അയക്കും. ഒരാഴ്ചക്കുള്ളില്‍ അന്വേഷണ സംഘത്തിനു മുന്നില്‍ ഹാജരാകാനാണ് ആവശ്യപ്പെടുക. ഏറ്റുമാനൂരില്‍ വച്ചാണ് അന്വേഷണ സംഘം ബിഷപ്പിനെ ചോദ്യം ചെയ്യുക.

ജലന്തര്‍ ബിഷപ്പിന്റെ മൊഴികളില്‍ പൊരുത്തക്കേടുകളുള്ളതായി അന്വേണത്തില്‍ പൊലീസ് കണ്ടെത്തിയിരുന്നു. പരാതിയില്‍ പറയുന്ന ദിവസം താന്‍ കുറവില്ലങ്ങാട് മടത്തില്‍ ഉണ്ടായിരുന്നില്ലെന്നായിരുന്ന ബിഷപ്പിന്റെ മൊഴി. തൊടുപുഴ മഠത്തില്‍ ആയിരുന്നു എന്നായിരുന്നു ബിഷപ്പ് പറഞ്ഞിരുന്നത്. എന്നാല്‍ തൊടുപുഴ മഠത്തിലെ രേഖകള്‍ പ്രകാരം ആ ദിവസം ബിഷപ്പ് അവിടെ എത്തിയിരുന്നില്ല.

DONT MISS
Top