വയനാട്ടിലെ മാവോയിസ്റ്റ് സാന്നിധ്യം; ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം ചേര്‍ന്നു

കല്‍പ്പറ്റ: വയനാട് ജില്ലയില്‍ മാവോയിസ്റ്റ് സാന്നിധ്യമുള്ളതിനാല്‍ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം ചേര്‍ന്നു. കഴിഞ്ഞ ദിവസം മാവോയിസ്റ്റ് സാന്നിധ്യം സ്ഥിരീകരിച്ച സുഗന്ധഗിരിയില്‍ ഉള്‍പ്പടെ നിരീക്ഷണം ശക്തമാക്കാന്‍ യോഗത്തില്‍ തീരുമാനമായി.

ദിവസങ്ങള്‍ക്ക് മുന്‍പാണ് മാനന്തവാടി തലപ്പുഴയില്‍ മാവോയിസ്റ്റ് സംഘം എത്തുകയും മുദ്രാവാക്യം വിളിച്ച് ലഘുലേഖകള്‍ വിതരണം ചെയ്യുകയും ചെയ്തത്. ആയുധ ധാരികളായ നാലംഗ സംഘമാണ് പ്രദേശത്ത് എത്തിയതെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിനു പിന്നാലെയാണ് പൊഴുതന-സുഗന്ധഗിരി മേഖലയിലും മാവോയിസ്റ്റ് സാന്നിധ്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇവിടെ ദുരിതാശ്വാസ സഹായമായി എത്തിച്ച സാധനങ്ങള്‍ ആയുധധാരികളായ സംഘം എടുത്തുകൊണ്ട് പോയതായി പ്രദേശവാസികള്‍ പൊലീസിനെ അറിയിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ സുഗന്ധഗിരിയിലെ വനവാസി ഊരുകളിലെത്തി പൊലീസ് വിവരങ്ങള്‍ ശേഖരിച്ചു.

രാത്രികാലങ്ങളില്‍ ആയുധങ്ങളുമായി എത്തുന്നതിനാല്‍ ഇവരെ പിടികൂടുന്നതിന് തടസ്സമുണ്ടെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍. ഈ സാഹചര്യത്തില്‍ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം ചേര്‍ന്നു. ആയുധ ധാരികളായ മാവോയിസ്റ്റ സംഘങ്ങളെ എങ്ങനെ നേരിടാമെന്നതും യോഗത്തില്‍ ചര്‍ച്ചയായി. തണ്ടര്‍ബോള്‍ട്ടിന്റെ സഹായത്തോടെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാനാണ് തീരുമാനം.

DONT MISS
Top