പ്രളയാനന്തര പ്രതിഭാസങ്ങള്‍ വിലയിരുത്താന്‍ ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലിനെ ചുമതലപ്പെടുത്തി

തിരുവനന്തപുരം: കേരള പുനര്‍നിര്‍മിതിയുമായി ബന്ധപ്പെട്ട് പ്രളയനാന്തര കേരളത്തില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന അസാധാരണ പ്രതിഭാസങ്ങള്‍ ശാസ്ത്രീയമായി വിലയിരുത്തുവാനും പ്രതിരോധ പ്രതിവിധി മാര്‍ഗങ്ങള്‍ നിര്‍ദ്ദേശിക്കുവാനും സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതികൗണ്‍സിലിനെ ചുമതലപ്പെടുത്തിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.

ജൈവവൈവിധ്യ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുവാന്‍ ജവഹര്‍ലാല്‍ നെഹ്‌റു ട്രോപ്പിക്കല്‍ ബൊട്ടാണിക് ഗാര്‍ഡന്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്, കേരള വന ഗവേഷണ കേന്ദ്രം, മലബാര്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ ആന്‍ഡ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ പ്ലാന്റ് സയന്‍സസ് എന്നീ സ്ഥാപനങ്ങളെയും ജലാശയങ്ങളിലും കിണറുകളിലും കാണപ്പെടുന്ന ക്രമാതീതമായ ജലനിരപ്പ് താഴുന്ന പ്രതിഭാസം, ഭൂഗര്‍ഭ ജലവിതാനത്തില്‍ വന്ന വ്യതിയാനം, ഭൂമി വിണ്ടുകീറുന്ന പ്രതിഭാസം എന്നിവ പഠിക്കുന്നതിന് സെന്റര്‍ ഫോര്‍ വാട്ടര്‍ റിസോഴ്‌സ് മാനേജ്‌മെന്റിനെയും, റോഡുകള്‍ പാലങ്ങള്‍ എന്നിവയുമായിബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പഠിക്കുന്നതിനു നാഷണല്‍ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ പ്ലാനിംഗ് ആന്‍ഡ് റിസര്‍ച്ച് സെന്ററിനെയുമാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്.

ഇതു കൂടാതെ ജൈവ വൈവിധ്യ മേഖലകളില്‍ പരിസ്ഥിതിക്കുണ്ടായ ഘടനാപരമായ മാറ്റങ്ങളും സസ്യ ജന്തു ജാലങ്ങളുടെ ആവാസവ്യവസ്ഥയില്‍ ഉണ്ടായ വ്യത്യാസങ്ങളും അതിന്റെ പ്രതിഫലനങ്ങളും പ്രത്യേക പഠനവിഷയമാക്കാനും ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലിനോട് നിര്‍ദേശിച്ചുതായും മുഖ്യമന്ത്രി അറിയിച്ചു.

DONT MISS
Top