ശക്തമായ മഴയും മണ്ണിടിച്ചിലും; കര്‍ണ്ണാടക, കുടക് ജില്ലയില്‍ കാപ്പി കര്‍ഷകര്‍ക്ക് കനത്ത നാശനഷ്ടം

കുടക്: രാജ്യത്തെ ആകെ കാപ്പി ഉല്‍പാദനത്തിന്റെ 70 ശതമാനവും കര്‍ണാടകയിലാണ്. ഇതില്‍ 40 ശതമാനം ഉത്പാദനവും നടക്കുന്നത് കുടക് ജില്ലയിലാണ്. കനത്ത മഴയും പ്രളയവും കാരണം കാപ്പി തോട്ടങ്ങള്‍ വ്യാപകമായി നശിച്ചതോടെ രാജ്യത്തെ കാപ്പി ഉല്‍പാദനത്തില്‍ ഇത്തവണ 20 ശതമാനത്തിന്റെ കുറവ് ഉണ്ടാകുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം. 675 കോടിരൂപയുടെ നാശനഷ്ടമാണ് കണക്കാക്കുന്നത്.

കുടക് ജില്ലയിലുണ്ടായ കനത്തമഴയില്‍ കാപ്പിതോട്ടങ്ങളിലേക്ക് മണ്ണിടിഞ്ഞ് വീണും തോട്ടങ്ങള്‍ പൂര്‍ണമായി കുത്തിയൊലിച്ചും കനത്ത നാശമുണ്ടായി. പല കര്‍ഷകരുടെയും വര്‍ഷങ്ങളുടെ അധ്വാനമാണ് ഇങ്ങനെ കുത്തിയൊലിച്ചത്. ജില്ലയിലെ ജോഡുപാലയിലും മണ്ണങ്കേരിയിലുമാണ് തോട്ടങ്ങള്‍ പൂര്‍ണ്ണമായും ഇല്ലാതായത്. ഒരേക്കര്‍ കാപ്പിത്തോട്ടത്തിന്റെ പരിചരണത്തിന് 25000 മുതല്‍ 30000 രൂപവരെ ചിലവ് വരും. ഈ വര്‍ഷം 20 മുതല്‍ 30 ശതമാനം വരെ അധിക ഉത്പാദനം കര്‍ഷകര്‍ പ്രതീക്ഷിച്ചിരുന്നെങ്കിലും എല്ലാം അസ്ഥാനത്തായി.

കാപ്പിതോട്ടങ്ങള്‍ക്ക് പുറമെ കുരുമുളക്, അടയ്ക്ക തോട്ടങ്ങള്‍ക്കും വ്യാപക നാശമുണ്ടായിട്ടുണ്ട്. തോട്ടം മേഖലയെ ആശ്രയിച്ച് ഏകദേശം 2.63 ലക്ഷം തൊഴിലാളികളാണ് ഇവിടെ ജീവിക്കുന്നത്. ഇവരുടെയെല്ലാം ഉപജീവനമാര്‍ഗം കൂടിയാണ് ദുരന്തത്തില്‍ ഇല്ലാതായിരിക്കുന്നത്.

DONT MISS
Top