കന്യാസ്ത്രീയെ അധിക്ഷേപിച്ച സംഭവം; പിസി ജോര്‍ജിന് ദേശീയ വനിതാ കമ്മീഷന്റെ സമന്‍സ്‌

പിസി ജോര്‍ജ്

ദില്ലി: ജലന്തര്‍ ബിഷപ്പിനെതിരെ പരാതി നല്‍കിയ കന്യാസ്ത്രീയെ അധിക്ഷേപിച്ച പൂഞ്ഞാര്‍ എംഎല്‍എ പിസി ജോര്‍ജിന് വനിതാ കമ്മീഷന്‍ സമന്‍സ്. സെപ്തംബര്‍ ഒന്‍പതിന് വിവിധ ദേശീയ മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് വനിതാ കമ്മീഷന്‍ അധ്യക്ഷ രേഖ ശര്‍മ സമന്‍സ് അയച്ചിരിക്കുന്നത്. കന്യാസ്ത്രീയെ വേശ്യ എന്ന് വിളിച്ചതിനാണ് സമന്‍സ്.

സെപ്തംബര്‍ 20 ന് രാവിലെ 11.30 ന് കമ്മീഷന് മുമ്പാകെ നേരിട്ട് ഹാജരാകണം എന്നാണ് പിസി ജോര്‍ജിനോട് നിര്‍ദേശിച്ചിരിക്കുന്നത്. പിസി ജോര്‍ജിന്റെ ഈ പരാമര്‍ശങ്ങളെ ശക്തമായി അപലപിക്കുന്നതായും ഇത്തരത്തില്‍ ഉത്തരവാദിത്വപ്പെട്ട സ്ഥാനങ്ങളില്‍ ഇരിക്കുന്ന ആളുകള്‍ ഈ രീതിയിലുള്ള ഒരു പരാമര്‍ശം നടത്തിയത് ഗൗരവകരമായ വിഷയമാണെന്നും കമ്മീഷന്‍ അയച്ച നോട്ടീസില്‍ വ്യക്തമാക്കിയിട്ടുണ്ട്.

അതേസമയം പിസി ജോര്‍ജ് അപകീര്‍ത്തിപരമായ പരാമര്‍ശം നടത്തിയെന്ന ആരോപണത്തില്‍ കന്യാസ്ത്രീയുടെ മൊഴിയെടുക്കാന്‍  ജില്ലാ പൊലീസ് മേധാവി വൈക്കം ഡിവൈഎസ്പിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. കന്യാസ്ത്രീ പരാതി നല്‍കിയാല്‍ കേസെടുക്കാനാണ് നിര്‍ദേശം.

DONT MISS
Top