ഇന്ധന വിലവര്‍ധനവിന് എതിരെ കോണ്‍ഗ്രസ്സ് ആഹ്വാനം ചെയ്ത ഭാരത് ബന്ദിന് മികച്ച പ്രതികരണം; മോദി ജനങ്ങളെ തമ്മിലടിപ്പിക്കുകയാണെന്ന് രാഹുല്‍ ഗാന്ധി

ദില്ലി: ഇന്ധന വിലവര്‍ധനവിന് എതിരെ കോണ്‍ഗ്രസ്സ് ആഹ്വാനം ചെയ്ത ഭാരത് ബന്ദിന് മികച്ച പ്രതികരണം. തമിഴ്‌നാട്, കര്‍ണാടക, ആന്ധ്ര, ബീഹാര്‍, മഹാരാഷ്ട്ര രാജസ്ഥാന്‍ പശ്ചിമ ബംഗാള്‍ എന്നിവടങ്ങിളില്‍ ബന്ദ് ജന ജീവിതത്തെ ബാധിച്ചു. എന്നാല്‍ ഡല്‍ഹിയില്‍ ബന്ദിന് കാര്യമായ ചലനം സൃഷ്ടിക്കാന്‍ ആയില്ല. ഇന്ധന വില കുതിച്ച് ഉയരുമ്പോള്‍ മൗനം പാലിക്കുന്ന നരേന്ദ്ര മോദി ജനങ്ങളെ തമ്മിലടിപ്പിക്കുകയാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ആരോപിച്ചു.

ഇന്ധന വില വര്‍ദ്ധനവിന് എതിരെ കോണ്‍ഗ്രസ്സും 21 രാഷ്ട്രീയ പാര്‍ട്ടികളും ആഹ്വാനം ചെയ്ത ബന്ദിന് സമ്മിശ്ര പ്രതികരണം ആണ് വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് ലഭിച്ചത്. ദക്ഷിണ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ പൊതുവെ ബന്ദ് ജന ജീവിതത്തെ ബാധിച്ചു. തമിഴ് നാട്ടില്‍ ഡിഎംകെയും കര്‍ണാടകത്തില്‍ ജെ ഡി എസ്സും പിന്തുണച്ച ബന്ദ് ജന ജീവിതത്തെ സാരമായി ബാധിച്ചു. ആന്ധ്രയില്‍ ബന്ദ് ഭാഗീകം ആയിരുന്നു. എന്നാല്‍ തെലുങ്കാനയില്‍ കാര്യമായ ചലനം ബന്ദിന് ഉണ്ടാക്കാന്‍ സാധിച്ചില്ല. മഹാരാഷ്ട്രയില്‍ എന്‍ സി പി, മഹാരാഷ്ട്ര നവ നിര്‍മാന്‍ സേന എന്നിവ പിന്തുണച്ച ബന്ദിന് മികച്ച പ്രതികരണം ആണ് ലഭിച്ചത്.

എന്നാല്‍ മുംബൈയില്‍ ബന്ദ് കാര്യമായി ജന ജീവിതത്തെ ബാധിച്ചില്ല. എംഎന്‍എസ് പ്രവര്‍ത്തകര്‍ ബലം പ്രയോഗിച്ച് കടകള്‍ അടപ്പിക്കാന്‍ ശ്രമിച്ചത് ചില സ്ഥലങ്ങളില്‍ സംഘര്‍ഷത്തിന് വഴി വച്ചു. ഗുജറാത്ത് രാജസ്ഥാന്‍ മധ്യപ്രദേശ് എന്നിവിടങ്ങളില്‍ ട്രെയിന്‍, റോഡ് ഗതാഗതം ബന്ദ് അനുകൂലികള്‍ തടഞ്ഞു. ഒറീസ ബീഹാര്‍ പശ്ചിമ ബംഗാള്‍ എന്നിവിടങ്ങളിലും ബന്ദ് ജന ജീവിതത്തെ കാര്യമായി ബാധിച്ചു. ഉത്തര്‍പ്രദേശില്‍ സമാജ് വാദി പാര്‍ട്ടി, ബി എസ് പി അംഗങ്ങള്‍ ട്രെയിനുകള്‍ തടഞ്ഞു. ബന്ദ് രാജ്യ തലസ്ഥാനം ആയ ഡല്‍ഹിയില്‍ കാര്യമായ ചലനം സൃഷ്ടിച്ചില്ല.

രാവിലെ രാജ്ഘട്ടില്‍ നിന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും വിവിധ പ്രതിപക്ഷ പാര്‍ട്ടി നേതാക്കളും രാംലീല മൈതാനത്തിലേക്ക് മാര്‍ച്ച് നടത്തി. തുടര്‍ന്ന് രാംലീല മൈതാനത്ത് നടന്ന റാലിയെ അഭിസംബോധന ചെയ്ത രാഹുല്‍ ഗാന്ധി നരേന്ദ്ര മോദി സര്‍ക്കാരിനെ നിശിതമായി വിമര്‍ശിച്ചു. 70 വര്‍ഷത്തിന് ഇടയില്‍ രൂപയ്ക്ക് ഇത്ര മൂല്യ തകര്‍ച്ചയും, പെട്രോളിന് ഇത്ര വില വര്‍ദ്ധനവ് രേഖപ്പെടുത്തിയ കാലം വേറെ ഉണ്ടായിട്ടില്ല എന്ന് രാഹുല്‍ ഗാന്ധി ചൂണ്ടി കാട്ടി.

ഇന്ധന വില വര്‍ദ്ധനവിനെക്കുറിച്ച് പ്രധാനമന്ത്രി മൗനം പാലിക്കുകയാണ്. ജനങ്ങളെ തമ്മിലടിപ്പിക്കുകയാണ് മോദി എന്നും രാഹുല്‍ കുറ്റപ്പെടുത്തി. നരേന്ദ്ര മോഡി സര്‍ക്കാരിനെ പുറത്താക്കാന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ഒന്നിക്കണം എന്ന് റാലിയെ അഭിസംബോധന ചെയ്ത മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് ആവശ്യപ്പെട്ടു.

DONT MISS
Top