2019 ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ആര്‍ക്കുവേണ്ടിയും പ്രവര്‍ത്തിക്കില്ലെന്ന് പ്രശാന്ത് കിഷോര്‍

പ്രശാന്ത് കിഷോര്‍

ദില്ലി: 2019 ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഒരു പാര്‍ട്ടിക്ക് വേണ്ടിയും ക്യാംപെയിന്‍ നടത്തില്ലെന്ന് തെരഞ്ഞെടുപ്പ് പ്രചാരണ വിദഗ്ധന്‍ പ്രശാന്ത് കിഷോര്‍. വിവിധ രാഷ്ട്രീയ നേതാക്കള്‍ക്കുവേണ്ടി പ്രവര്‍ത്തിച്ചിട്ടുണ്ട്. എന്നാല്‍ ഇനി ഗുജറാത്തിലെയോ ബിഹാറിലെയോ ജനങ്ങളുടെ കൂടെ പ്രവര്‍ത്തിക്കാനാണ് തനിക്ക് താല്‍പ്പര്യം എന്നും പ്രശാന്ത് പറഞ്ഞു. കൂടാതെ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കാന്‍ പോകുന്നു എന്ന മാധ്യമ വാര്‍ത്തയേയും അദ്ദേഹം നിഷേധിച്ചു.

ഹൈദരാബാദിലെ ഇന്ത്യന്‍ സ്‌കൂള്‍ ഓഫ് ബിസിനസിലെ വിദ്യാര്‍ത്ഥികളുമായി സംസാരിക്കവെയാണ് പ്രശാന്ത കിഷോര്‍ ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. രണ്ട് വര്‍ഷമായി ഈ മേഖല വിടണം എന്നു വിചാരിക്കുന്നു. എന്നാല്‍ ഇന്ത്യന്‍ പൊളിറ്റിക്കല്‍ ആക്ഷന്‍ കമ്മീറ്റി എന്ന തന്റെ സ്ഥാപനത്തെ സുരക്ഷിത കൈകളില്‍ ഏല്‍പ്പിക്കേണ്ടതിനാലാണ് തീരുമാനം വൈകിയതെന്നും പ്രശാന്ത് പറഞ്ഞു. പൊളിറ്റല്‍ ആക്ഷന്‍ കമ്മിറ്റി രാഷ്ട്രീയ പ്രചരണങ്ങളില്‍ ശക്തമായി രംഗത്തുണ്ടാകും. എന്നാല്‍ താന്‍ അതിന്റെ ഭാഗമായി ഉണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

നരേന്ദ്ര മോദിയോ, നിതീഷ് കുമാറോ, അമരീന്ദര്‍ സിംഗോ തന്നെ വിലയ്‌ക്കെടുത്തിട്ടില്ല. പണം പ്രചരങ്ങള്‍ക്ക് ഒരു കാരണമാകാറില്ല. പൊളിറ്റിക്കല്‍ ആക്ഷന്‍ കമ്മിറ്റിയെ ആര്‍ക്കും വിലയ്‌ക്കെടുക്കാന്‍ സാധിക്കില്ല  എന്നും പ്രശാന്ത് കിഷോര്‍ വ്യക്തമാക്കി.

2014 ല്‍ നരേന്ദ്ര മോദിക്ക് വേണ്ടി നടത്തിയ പ്രചരണങ്ങളിലൂടെയാണ് പ്രശാന്ത് കിഷോര്‍ പ്രസിദ്ധനാകുന്നത്. എന്നാല്‍ പിന്നീട് ഇദ്ദേഹം ബിജെപി വിട്ടുപോയിരുന്നു. പിന്നീട് ബിഹാറിലെ മഹാസംഖ്യത്തിനുവേണ്ടിയും കോണ്‍ഗ്രസിന് വേണ്ടിയും പ്രശാന്ത് കിഷേര്‍ പ്രചരണം നടത്തി.

DONT MISS
Top