സര്‍ക്കാര്‍, സ്വശ്രയ കോളെജുകളിലെ എംബിബിഎസ്, ബിഡിഎസ് സീറ്റുകളിലെ ഒഴിവുകള്‍ നികത്തി

തിരുവനന്തപുരം: സംസ്ഥാനത്തെ മെഡിക്കല്‍, ദന്തല്‍ കോളെജുകളില്‍ ഒഴിവുണ്ടായിരുന്ന എംബിബിഎസ്, ബിഡിഎസ് സീറ്റുകളിലേക്കുള്ള അഡ്മിഷന്‍ രാത്രി ഏറെ വൈകിയും നടന്നു. പ്രവേശന പരീക്ഷാ കമ്മീഷണര്‍ പികെ സുധീര്‍ബാബുവിന്റെ നേതൃത്വത്തില്‍ നടത്തിയ തല്‍സമയ പ്രവേശനത്തില്‍ സര്‍ക്കാര്‍, സ്വാശ്രയ കോളെജുകളിലെ ബിഡിഎസ്, എംബിബിഎസ് സീറ്റുകളെല്ലാം നികത്തി.

എല്ലാ ഒഴിവുകളും നികത്തിയതിനു ശേഷം മാത്രമെ അഡ്മിഷന്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കൂ എന്ന് പ്രവേശന കമ്മീഷണര്‍ നേരത്തെ വ്യക്തമാക്കിരുന്നു. എംബിബിഎസ് സീറ്റുകളിലെ പ്രവേശനം എട്ടാം തീയതി പൂര്‍ത്തിയാക്കിരുന്നു. ബിഡിഎസ് വിദ്യാര്‍ഥികളുടെ രജിസ്‌ട്രേഷന്‍ നടത്തിയ ശേഷമായിരുന്നു കൗണ്‍സിലിംഗ് ആരംഭിച്ചത്. ഓരോ റൗണ്ട് കൗണ്‍സിലിംഗിലും പ്രവേശനം നേടുന്ന വിദ്യാര്‍ഥികളുടെ എണ്ണം കുറവാകുന്നതുകൊണ്ടുള്ള സമയനഷ്ടം പരിഹരിഹരിക്കാന്‍ വേണ്ടിയായിരുന്നു ഹാജരായ വിദ്യാര്‍ഥികളുടെ കണക്കെടുക്കാന്‍ രജിസ്‌ട്രേഷന്‍ നടത്തിയത്.

ഓണ്‍ലൈന്‍ സംവിധാനത്തിലെ തകരാറും വിദ്യാര്‍ത്ഥി രക്ഷകര്‍ത്താക്കളുടെ പ്രതിഷേധം കൗണ്‍സിലിംഗ് വൈകിപ്പിച്ചു. 590 ബിഡിഎസ് സീറ്റുകളില്‍ എന്‍ആര്‍ഐ വിഭാഗത്തിലെ ഏതാനും സീറ്റുകളിലും ആരും പ്രവേശനം നേടിയിട്ടില്ല. നാല് സ്വാശ്രയ കോളെജുകള്‍ക്ക് ഹൈക്കോടതി നല്‍കിയ പ്രവേശന അനുമതി മെഡിക്കല്‍ കൗണ്‍സിലിന്റെ ഹര്‍ജിയില്‍ സുപ്രിംകോടതി സ്‌റ്റേ ചെയ്തതോടെയാണ് സംസ്ഥാനത്ത് തല്‍സമയ പ്രവേശന നടപടികള്‍ പ്രതിസന്ധിയിലായത്.

കഴിഞ്ഞ നാല്, അഞ്ച് തീയതികളില്‍ നടത്തിയ കൗണ്‍സിലിംഗ് നടപടികളില്‍നിന്ന് ഈ നാല് കോളേജുകളിലെ 550എംബിബിഎസ് സീറ്റുകള്‍ ഒഴിവാക്കിയാണ് മറ്റു കോളെജുകളിലെ ഒഴിവുകള്‍ നികത്താന്‍ പുനക്രമീകരിച്ച കൗണ്‍സിലിംഗ് നടപടികള്‍ വൈകിട്ട് സമാപിച്ചത്. സുപ്രിംകോടതിയുടെ അന്തിമ ഉത്തരവില്‍ നാല് കോളെജുകള്‍ക്കുള്ള സ്‌റ്റേ നീക്കുകയും പ്രവേശന നടപടികള്‍ക്ക് സമയം അനുവദിക്കുകയും ചെയ്താല്‍ 12 ന് ശേഷം ഒരു ദിവസംകൂടി മോപ് അപ് കൗണ്‍സിലിംഗ് നടക്കും.

DONT MISS
Top