കേരളത്തില്‍ യുഡിഎഫ്, എല്‍ഡിഎഫ് ഹര്‍ത്താല്‍ പുരോഗമിക്കുന്നു; ഭാരത് ബന്ദിന് വിവിധ പാര്‍ട്ടികളുടെ പിന്തുണയുണ്ടെന്ന് കോണ്‍ഗ്രസ്


തിരുവനന്തപുരം: ഇന്ധനവില വര്‍ധവില്‍ പ്രതിഷേധിച്ച് കേരളത്തില്‍ എല്‍ഡിഎഫും യുഡിഎഫും ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പുരോഗമിക്കുന്നു. രാവിലെ ആറുമണിമുതല്‍ വൈകുന്നേരം ആറുമണിവരെയാണ് ഹര്‍ത്താല്‍. പ്രളയബാധിത മേഖലകളെ ഹര്‍ത്താല്‍ നിന്നും ഇരുമുന്നണികളും ഒഴിവാക്കിയിട്ടുണ്ട്.

എന്നാല്‍ ഇന്നും പെട്രോളിന്റെയും ഡീസലിന്റേയും വില വര്‍ധിച്ചിട്ടുണ്ട്. പെട്രോളിന് 23 പൈസയും ഡീസലിന് 24 പൈസയുമാണ് വര്‍ധിച്ചിരിക്കുന്നത്. ഇതോടെ തിരുവനന്തപുരത്ത് പെട്രോളിന് 84.05 രൂപയും ഡീസലിന് 77.99 രൂപയുമായി.

അതേസമയം കോണ്‍ഗ്രസ് ആഹ്വാനം ചെയ്ത ഭാരത് ബന്ദിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ കനത്ത സുരക്ഷാ ക്രമീകരണങ്ങള്‍ ആണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ബന്ദിന് ഇടത് പാര്‍ട്ടികളും വിവിധ പ്രാദേശിക പാര്‍ട്ടികളും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. 21 പാര്‍ട്ടികള്‍ ബന്ദിന് പിന്തുണ നല്‍കുന്നുണ്ട് എന്നാണ് കോണ്‍ഗ്രസ് നേതൃത്വം അറിയിച്ചിട്ടുള്ളത്. ജനതാ ദള്‍ സെക്കുലര്‍, ആര്‍ജെഡി, ബിഎസ്പി, സമാജ്‌വാദി പാര്‍ട്ടി, എന്‍സിപി, മഹാരാഷ്ട്ര നവ നിര്‍മ്മാണ്‍ സേന, ഡിഎംകെ എന്നിവരാണ് ബന്ദിന് പിന്തുണ നല്‍കിയിട്ടുള്ള പ്രമുഖ പാര്‍ട്ടികള്‍.

തമിഴ്നാട്ടില്‍ ഡിഎംകെയും, കര്‍ണാടകത്തില്‍ ജെഡിഎസും, മഹാരാഷ്ട്രയില്‍ എന്‍സിപിയും ബന്ദിന് പിന്തുണ നല്‍കുന്നതിനാല്‍ പ്രതിഷേധം ജനജീവിതത്തെ ബാധിക്കാന്‍ ഇടയുണ്ട്. എന്നാല്‍ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ബന്ദ് സമ്മിശ്ര പ്രതികരണം ഉളവാക്കാന്‍ ആണ് സാധ്യത.

DONT MISS
Top