പെട്രോള്‍ വിലനിര്‍ണയം കമ്പനികള്‍ക്ക് നല്‍കിയതാര്? ചോദ്യമുന്നയിച്ച സിപിഐഎം പ്രവര്‍ത്തകന്റെ കൈപ്പത്തി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തിരിച്ചൊടിച്ചു


തൃശ്ശൂര്‍: പെട്രോളിയം ഉത്പന്നങ്ങളുടെ വിലനിര്‍ണയാവകാശം കമ്പനികള്‍ക്ക് വിട്ടുനല്‍കിയത് ആര് എന്ന് അര്‍ത്ഥമാക്കുന്ന പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ ഇട്ടതിന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ‘നവഗാന്ധിയന്‍’ മറുപടി. നിഥിന്‍ പുലിക്കോട്ടില്‍ വിന്‍സെന്റ് എന്ന കൂനാമൂച്ചി സിപിഐഎം ലോക്കല്‍ കമ്മറ്റി അംഗത്തെയാണ് അഭിപ്രായ പ്രകടനത്തിന്റെ പേരില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചത്.

താഴെ കാണുന്ന കുറിപ്പാണ് നിഥിന്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്. പെട്രോളിയം ഉത്പന്നങ്ങളുടെ വിലനിര്‍ണയാവകാശം കമ്പനികള്‍ക്ക് വിട്ടുനല്‍കിയത് ആര് എന്ന് ചോദിക്കുമ്പോള്‍ കോണ്‍ഗ്രസുകാര്‍ക്ക് ഉത്തരമില്ല എന്നര്‍ത്ഥമാക്കുന്ന കുറിപ്പാണിത്.

ഇതിന് കമന്റായിത്തന്നെ പ്രകോപനപരമായ ചില അഭിപ്രായങ്ങള്‍ വന്നുതുടങ്ങിയിരുന്നു. കുറിപ്പ് ഇട്ടതിന്റെ പിറ്റേന്ന് കോണ്‍ഗ്രസ് അനുഭാവികളായ ചിലര്‍ പ്രശ്‌നമുണ്ടാകാന്‍ പോകുന്നതായി തനിക്ക് മുന്നറിയിപ്പ് തന്നതായും നിഥിന്‍ പറയുന്നു. പിന്നീട് വീടിനടുത്തുവച്ച് സംസാരിച്ചിരുന്ന നിഥിനെ നാല് ബൈക്കുകളിലായി എട്ടുപേരെത്തി വിരട്ടുകയും കുറച്ചുപേര്‍ തടഞ്ഞുവച്ച് മര്‍ദ്ദിക്കുകയുമായിരുന്നു.

തന്റെ കൈ തിരിച്ചൊടിച്ചത് യൂത്ത് കോണ്‍ഗ്രസ് മണലൂര്‍ മണ്ഡലം വൈസ് പ്രസിഡന്റ് ബിബിന്‍ ബാബുവാണെന്ന് നിഥിന്‍ പറയുന്നു. ബിബിന്‍ ബാബു, ഇയാളുടെ പിതാവ് ബാബു, ഗാഡ്‌സണ്‍, റിഞ്ചു എന്നിവര്‍ക്കെതിരെയാണ് കേസെടുത്തിട്ടുള്ളതെന്ന് കുന്നംകുളം പൊലീസ് റിപ്പോര്‍ട്ടര്‍ ചാനലിനോട് പ്രതികരിച്ചു.

DONT MISS
Top