സര്‍ക്കാര്‍ ജീവനക്കാരുടെ ഒരുമാസത്തെ ശമ്പളം പിടിക്കും; തയ്യാറല്ലാത്തവര്‍ വിസമ്മതം അറിയിക്കണം

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സര്‍ക്കാര്‍ ജീവനക്കാരുടെ ഒരുമാസത്തെ ശമ്പളം പത്തുമാസ തവണയായി പിടിക്കും. ഇതില്‍ തയ്യാറല്ലാത്തവര്‍ വിസമ്മതം അറിയിക്കണം. ഇതിനുള്ള കരട് സര്‍ക്കുലര്‍ പൂര്‍ത്തിയായി. അന്തിമ സര്‍ക്കുലര്‍ തിങ്കളാഴ്ച പുറത്തിറക്കും. ഉത്തരവിറക്കി ശമ്പളം സ്വീകരിക്കാനുള്ള തടസം ഉള്ളതിനാലാണ് ശമ്പള വിതരണത്തിന് ചുമതലയുള്ള ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശവുമായി സര്‍ക്കുലര്‍ പുറത്തിറക്കുന്നത്. പൊതുഭരണ വകുപ്പ് തയ്യാറാക്കിയ കരട് സര്‍ക്കുലര്‍ മുഖ്യമന്ത്രിയുമായി ചര്‍ച്ച ചെയ്ത് പുറത്തിറക്കാനാണ് തീരുമാനം.

ഒന്നിലധികം മാസത്തെ ശമ്പളം ഇങ്ങനെ സ്വീകരിക്കും. എന്നാല്‍ ഒരുമാസത്തെ ശമ്പളത്തില്‍ കുറവുള്ള തുക ഇങ്ങനെ നല്‍കാന്‍ സാധിക്കില്ല. ഇവര്‍ക്ക് സാലറി ചലഞ്ചിന്റെ ഭാഗമല്ലാതെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാനിധിയിലേക്ക് ഇഷ്ടമുള്ള തുക സംഭാവനയായി നല്‍കാം. പത്തില്‍ കുറഞ്ഞ തവണകളായി നല്‍കാന്‍ താല്‍പ്പര്യമുള്ളവര്‍ അതും ഡിഡിഒമാരെ അറിയിക്കാം. ശമ്പളമല്ലാതെ ലീവ് സറണ്ടര്‍ തുകയില്‍ നിന്ന് തുല്യമായി തുക നല്‍കണം എന്നുള്ളവര്‍ പ്രത്യേകമായി അപേക്ഷിക്കണം. മുഖ്യമന്ത്രി ഒരുമാസത്തെ ശമ്പളം നല്‍കാനാണ് ജീവനക്കാരോട് അഭ്യര്‍ത്ഥിച്ചത്. ഇത് ജീവനക്കാര്‍ സ്വീകരിക്കുന്നുണ്ടോ ഇല്ലെയോ എന്നതാണ് ചോദ്യം. അതുകൊണ്ട് ഒരുമാസത്തെ ശമ്പളത്തില്‍ കുറവുള്ള തുക പിടിക്കേണ്ട എന്ന തീരുമാനം എടുത്തതെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.

DONT MISS
Top