സംസ്ഥാനത്തെ നാലു സ്വാശ്രയ മെഡിക്കല്‍ കോളേജുകളില്‍ പ്രവേശനത്തിന് ഏര്‍പ്പെടുത്തിയ സ്റ്റേ സുപ്രിംകോടതി നീട്ടി

ദില്ലി: സംസ്ഥാനത്തെ നാലു സ്വാശ്രയ മെഡിക്കല്‍ കോളെജുകളില്‍ പ്രവേശനത്തിന് ഏര്‍പ്പെടുത്തിയ സ്റ്റേ സുപ്രിംകോടതി നീട്ടി. അല്‍ അസര്‍ തൊടുപുഴ, ഡിഎം വയനാട്, പികെ ദാസ് പാലക്കാട്, എസ്ആര്‍ തിരുവനന്തപുരം എന്നീ മെഡിക്കല്‍ കോളേജുകളിലെ വിദ്യാര്‍ത്ഥി പ്രവേശനത്തിനുള്ള സ്റ്റേ ആണ് നീട്ടിയത്. നാലു കോളെജുകളുടെയും പ്രവേശന അനുമതി ചോദ്യം ചെയ്തു മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ നല്‍കിയ ഹര്‍ജിയില്‍ ബുധനാഴ്ച സുപ്രിംകോടതി വിശദമായി വാദം കേള്‍ക്കും.

പത്താം തീയത്തിക്കുള്ളില്‍ പ്രവേശനം പൂര്‍ത്തിയാക്കേണ്ടതിനാല്‍ അടിയന്തരമായി ഹര്‍ജി പരിഗണിച്ചു തീരുമാനം പറയണമെന്ന സംസ്ഥാന സര്‍ക്കാര്‍ ആവശ്യം തള്ളിക്കൊണ്ടാണ് ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബഞ്ച് വാദം കേള്‍ക്കുന്നത് ബുധനാഴ്ചത്തേക്കു മാറ്റിയത്. നാലു കോളേജുകളിലെയും പ്രവേശനത്തിന് ഏര്‍പ്പെടുത്തിയ സ്റ്റേ സുപ്രീംകോടതി നീട്ടി. പ്രവേശന അനുമതി നല്‍കിയ ഹൈക്കോടതി ഉത്തരവിനെതിരെ മെഡിക്കല്‍ കൗണ്‍സില്‍ നല്‍കിയ ഹര്‍ജിയില്‍ ചൊവ്വാഴ്ചക്കകം മറുപടി നല്‍കാന്‍ കോളേജുകള്‍ക്ക് കോടതി നിര്‍ദേശം നല്‍കി.

രണ്ടാം ഘട്ട പരിശോധ നടത്താതെ ആണ് കോളേജുകള്‍ക്ക് പ്രവേശന അനുമതി നല്‍കിയതെന്ന് മെഡിക്കല്‍ കൗണ്‍സില്‍ അറിയിച്ചു. കോളേജുകളിലെ സാഹചര്യങ്ങള്‍ വ്യത്യസ്തമാണെന്നു മാനേജ്‌മെന്റുകള്‍ വാദിച്ചു. ഓരോ കോളേജിന്റെയും കാര്യം പ്രത്യേകമായി പരിഗണിച്ചു തീരുമാനം പറയാമെന്നു ബഞ്ച് വ്യക്തമാക്കി. നാലു അഞ്ചു തീയതികളില്‍ ആയി സംസ്ഥാനത്തു നടന്ന മോപ് അപ് കൗണ്‌സിലിംഗില്‍ കോളേജുകളിലെ ഭൂരിഭാഗം സീറ്റുകളിലും വിദ്യാര്‍ത്ഥി പ്രവേശനം പൂര്‍ത്തിയായിരുന്നു. 4 മെഡിക്കല്‍ കോളേജുകളിലുമായി 550 സീറ്റുകളാണുള്ളത്.

DONT MISS
Top