കുട്ടനാട്ടിലെ പാടശേഖരങ്ങളില്‍ നിന്നും വെള്ളം പമ്പ് ചെയ്ത് വറ്റിക്കുന്ന പ്രവര്‍ത്തനം ഇനിയും പൂര്‍ത്തിയായിട്ടില്ല

ആലപ്പുഴ: കുട്ടനാട്ടിലെ പാടശേഖരങ്ങളില്‍ നിന്നും വെള്ളം പമ്പ് ചെയ്ത് വറ്റിക്കുന്ന പ്രവര്‍ത്തനം ഇനിയും പൂര്‍ത്തിയായിട്ടില്ലെന്ന് ധനമന്ത്രി തോമസ് ഐസക് അറിയിച്ചു. മടവീണ പുറംബണ്ടെല്ലാം വീണ്ടും പുനര്‍നിര്‍മ്മിച്ചു കഴിഞ്ഞിട്ടുണ്ട്. ഇങ്ങനെ മടകുത്തേണ്ട ചുമതല പാടശേഖര സമിതികളുടേതാണ്. മടകെട്ടിക്കഴിഞ്ഞാല്‍ വെള്ളം പമ്പ് ചെയ്ത് കായലിലേയ്ക്ക് ഒഴുക്കുന്നതിന് കരാറുകാരെ നിയമിച്ചിട്ടുണ്ട്. അവര്‍ക്ക് കൊടുക്കാനുള്ള മുന്‍കുടിശികയെല്ലാം കൊടുത്തുതീര്‍ത്തു. പക്ഷെ, പ്രളയത്തില്‍ മുങ്ങിപ്പോയ മോട്ടോറുകള്‍ റിപ്പയര്‍ ചെയ്ത് പ്രവര്‍ത്തനക്ഷമമാക്കുന്നതിന് വലിയ കാലതാമസം പമ്പിംഗ് കരാറുകാര്‍ വരുത്തി. സര്‍ക്കാരിന്റെ കര്‍ശനമായ നിലപാടും മുന്‍കൂറായി പണം നല്‍കിയതും ഈ മനോഭാവത്തില്‍ ഒരു മാറ്റം വരുത്തിയിട്ടുണ്ട്. 2000 പമ്പുകളും പ്രവര്‍ത്തനക്ഷമമായാല്‍ 45 ദിവസം കൊണ്ട് കുട്ടനാട് പൂര്‍വ്വസ്ഥിതിയിലെത്തും എന്നും മന്ത്രി അറിയിച്ചു.

പാടശേഖരങ്ങളില്‍ വെള്ളം കെട്ടിക്കിടക്കുന്നതുകൊണ്ട് ഏതാണ്ട് 4000-5000 കൈനകരിക്കര്‍ ഇപ്പോഴും ക്യാമ്പുകളില്‍ കഴിയാന്‍ നിര്‍ബന്ധിതരാണ്. പുറംബണ്ടുകളില്‍ മാത്രമല്ല വീടുകളുള്ളത്. പുറംബണ്ടുകളുടെ പാടശേഖരവശം ഏതാനും മീറ്റര്‍ തിട്ടപോലെ പരന്നു കിടക്കാറുണ്ട്. അവിടെയും ആള്‍പ്പാര്‍പ്പുണ്ട്. ഇതിനു പുറമേ പാടശേഖരങ്ങളുടെ തുരുത്തുകളിലെ വീടുകളും വെള്ളത്തിനടിയിലാണ്. ഇവരെ എത്രയും പെട്ടെന്ന് പുനരധിവസിപ്പിക്കുന്നതിന് യുദ്ധകാലാടിസ്ഥാനത്തില്‍ പമ്പിംഗ് പ്രവര്‍ത്തനം നടക്കുകയാണ്.

രണ്ട് ബാര്‍ജുകളിലായി 52 എച്ച്പിയുടെ 12 പമ്പുകള്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നു. ഇതിനു പുറമേ 20 എച്ച്പിയുടെ 8 ഡീസല്‍ പമ്പുകള്‍ കരയില്‍ സ്ഥാപിച്ചിട്ടുണ്ട്. ഇറിഗേഷന്റെ ഡ്രജ്ജറും വന്നിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം നെയ്യാറില്‍ ജലസേചന വകുപ്പ് ഉപയോഗിച്ച 180 എച്ച്പിയുടെ രണ്ട് പമ്പുകള്‍ കൊണ്ടുവരുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ്.

ഇവയെല്ലാം ചേരുമ്പോള്‍ കൈനകരിയിലെ മുഴുവന്‍ കുടുംബങ്ങളെയും പുനരധിവസിപ്പിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതുപോലെ നെടുമുടിയിലും ചമ്പക്കുളത്തുമെല്ലാം ചില കേന്ദ്രങ്ങള്‍ ഇപ്പോഴും പ്രളയബാധിതമായി തുടരുന്നത് തിങ്കള്‍, ചൊവ്വകൊണ്ട് സാധാരണഗതിയിലാകും. പക്ഷെ, അതുകൊണ്ട് പുനരധിവാസം അവസാനിക്കുന്നില്ലായെന്നു പറയേണ്ടതില്ലല്ലോ എന്നും തോമസ് ഐസക് പറഞ്ഞു.

DONT MISS
Top