എംബിബിഎസ്, ബിഡിഎസ് സീറ്റുകളിലേക്കുള്ള മോപ്പ് അപ് അഡ്മിഷന്‍ നാളെ പുനരാരംഭിക്കും

തിരുവനന്തപുരം: എംബിബിഎസ്, ബിഡിഎസ് സീറ്റുകളിലേക്കുള്ള മോപ്പ് അപ് അഡ്മിഷന്‍ നാളെ പുനരാരംഭിക്കും. നാലു സ്വാശ്രയ മെഡിക്കല്‍ കോളെജുകളിലെ പ്രവേശനാനുമതി സുപ്രിം കോടതി സ്‌റ്റേ ചെയ്ത സാഹചര്യത്തിലാണ് കൗണ്‍സിലിംഗ് നിര്‍ത്തിവച്ചത്. കൗണ്‍സിലിംഗ് തുടങ്ങും മുന്‍പ് കോടതിവിധി വരുമെന്ന് പ്രതീക്ഷയിലാണ് പ്രവേശനപരീക്ഷ കമ്മീഷണര്‍.

മോപ് അപ് കൗണ്‍സിലിംഗിലൂടെ പ്രവേശനം ലഭിച്ച വിദ്യാര്‍ത്ഥികള്‍ക്ക് സുപ്രിം കോടതി വിധി മൂലം പ്രവേശനം നഷ്ടപ്പെട്ടാല്‍ ആദ്യകോഴ്‌സില്‍ തിരികെ പ്രവേശനം നല്‍കുന്ന കാര്യം സര്‍ക്കാര്‍ പരിഗണിക്കും. മുന്‍വര്‍ഷങ്ങളിലും സമാനമായ നിലപാട് സര്‍ക്കാര്‍ ഇക്കാര്യത്തില്‍ സ്വീകരിച്ചിട്ടുണ്ട്. വരാനിരിക്കുന്ന സുപ്രിം കോടതി വിധി അനുസരിച്ചാകും അന്തിമ തീരുമാനം ഇക്കാര്യത്തില്‍ ഉണ്ടാകുക. നേരത്തെ ലഭിച്ച എംബിബിഎസ്, ബിഡ്എസ് കോഴ്‌സുകളില്‍ പലതും ഉപേക്ഷിച്ചാണ് പല വിദ്യാര്‍ത്ഥികളും മോപ് അപ് കൗണ്‍സിലിംഗില്‍ പങ്കെടുക്കാന്‍ എത്തിയത്.

അതേസമയം മറ്റുസംസ്ഥാനങ്ങളില്‍ നിന്ന് കോഴ്‌സ് ഉപേക്ഷിച്ചു വന്നവരുടെ കാര്യത്തില്‍ ആശയകുഴപ്പം തുടരുകയാണ്. തൊടുപുഴ അല്‍ അസര്‍, ഡിഎം വയനാട്, തിരുവനന്തപുരം എസ്ആര്‍, പാലക്കാട് പികെ ദാസ് തുടങ്ങിയ മെഡിക്കല്‍ കോളെജുകളിലെ 550 സീറ്റുകള്‍ അടക്കം രണ്ട് അലോട്ട്‌മെന്റുകള്‍ക്ക് ശേഷം ഒഴിവുവരുന്ന് 715 എംബി ബിഎസ്, 599 ബിഡിഎസ് സീറ്റുകളിലേക്കാണ് കഴിഞ്ഞ ദിവസം കൗണ്‍സിലിംഗ് ആരംഭിച്ചത്.

DONT MISS
Top