പ്രളയത്തിനുശേഷം വരാനിരിക്കുന്നത് കൊടും വരള്‍ച്ചയെന്ന് ഭൗമശാസ്ത്രവിദഗ്ധര്‍

ഫയല്‍ ചിത്രം

തിരുവനന്തപുരം: പ്രളയത്തിന് ശേഷം വരാനിരിക്കുന്നത് കൊടും വരള്‍ച്ചയെന്ന് ഭൗമശാസ്ത്ര വിദഗ്ധര്‍. പ്രളയം നാശം വിതച്ച കേരളത്തില്‍ എല്ലാ നദികളുടേയും ജലനിരപ്പ് താഴുന്ന വാട്ടര്‍ ടേബിള്‍ പ്രതിഭാസമാണ് ഇതിന് കാരണമെന്നും വിദഗ്ധര്‍ പറയുന്നു. നദികളിലെ വെള്ളം പലയിടത്തും അസാധാരണമായ വിധത്തില്‍ താഴ്ന്നുകഴിഞ്ഞു. പ്രളയമുണ്ടായി രണ്ടരയാഴ്ച പിന്നിടുമ്പോഴാണ് കേരളത്തില്‍ സമീപകാലത്തെങ്ങും അനുഭവപ്പെടാത്ത നീര്‍ത്താഴ്ച നദികളില്‍ പ്രകടമായത്. ജലനിരപ്പ് അതിവേഗം താഴുന്നത് കൊടുംവരള്‍ച്ചയ്ക്കു വഴിവച്ചേക്കാമെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ഇത്തരം പ്രതിഭാസം മുന്‍പ് രാജ്യത്ത് പലയിടത്തും ഉണ്ടായിട്ടുണ്ടെന്നും വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.

ഭൂതലത്തില്‍ വിള്ളലുകള്‍ വീണിട്ടുള്ള മേഖലകളിലും ചെളി അടിഞ്ഞുകൂടി ഉണങ്ങിയ ദുര്‍ബല പ്രദേശങ്ങളിലും പ്രളയാനന്തരം എന്തെല്ലാം മാറ്റങ്ങളാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നതെന്ന് രാജ്യാന്തര ശാസ്ത്രഏജന്‍സികള്‍ പഠനം തുടങ്ങിക്കഴിഞ്ഞു. കേരളത്തിന്റെ ഭൂപ്രതലത്തെ സംബന്ധിച്ച ഇരുന്നൂറിലേറെ ചോദ്യാവലികള്‍ മുഖേനയാണ് നാസ ഉള്‍പ്പെടെയുള്ള കേന്ദ്രങ്ങള്‍ വിവരശേഖരണം നടത്തുന്നത്. പ്രളയാനന്തര വരള്‍ച്ച ഭൂചലന സാധ്യതയിലേക്കും വഴിതുറക്കുന്നു. ജലജീവികളുടെ വംശനാശമാണ് മറ്റൊരു ഭീഷണി. ശക്തമായ കുത്തൊഴുക്ക് ജലഘടനയില്‍ ഉണ്ടാക്കിയ ആഘാതം സൂക്ഷ്മജീവികളുടെ ആവാസ വ്യവസ്ഥ തകര്‍ത്തിട്ടുണ്ട്.

ജലത്തില്‍ ഉപ്പിന്റെ അളവിലുണ്ടാകുന്ന ഏറ്റക്കുറച്ചില്‍ കായല്‍, നദി എന്നിവിടങ്ങളില്‍ വളരുന്ന മത്സ്യങ്ങളുടെ പ്രജനനത്തേയും ബാധിക്കും. പുതിയതരം രോഗാണുക്കളുടെ വളര്‍ച്ചയ്ക്കും ഭൗമഘടനയിലെ മാറ്റം കാരണമാകുമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. കേരളത്തിന്റെ മിക്ക നദികളിലും ഉരുള്‍പൊട്ടലിന്റെ അവശേഷിപ്പായി അടിഞ്ഞുകൂടിയ ചെളി ഇപ്പോള്‍ത്തന്നെ നദികളെ മൂടിത്തുടങ്ങിയിട്ടുണ്ട്. നേര്യമംഗലം ഭാഗത്ത് കിലോമീറ്ററുകളോളം പെരിയാര്‍ മൂടിപ്പോയി. കേരളത്തിന്റെ ഭൂവിസ്തൃതിയില്‍ 14 ശതമാനത്തോളം പ്രളയസാധ്യതാ മേഖലയാണെന്ന ഭൗമശാസ്ത്ര പഠനകേന്ദ്രത്തിന്റെ റിപ്പോര്‍ട്ട് നിലനില്‍ക്കെയാണ് മറുവശത്ത് വരള്‍ച്ചാ ഭീഷണിയെ സംസ്ഥാനം അഭിമുഖീകരിക്കുന്നത്.

DONT MISS
Top