2267 പേര്‍ ഇപ്പോഴും ദുരിതാശ്വാസ ക്യാമ്പുകളില്‍ തുടരുന്നുവെന്ന് മന്ത്രി ഇപി ജയരാജന്‍

ഇപി ജയരാജന്‍

തിരുവനന്തപുരം: 2267 പേര്‍ ഇപ്പോഴും ദുരിതാശ്വാസ ക്യാമ്പുകളില്‍ തുടരുന്നുവെന്ന് മന്ത്രി ഇപി ജയരാജന്‍. ദുരിതബാധിതര്‍ക്കുള്ള 10000 രൂപയുടെ ധനസഹായ വിതരണം നാളെയോടെ പൂര്‍ത്തിയാക്കും. കുട്ടികളുടെ ഗ്രേസ് മാര്‍ക്കിനായുള്ള കലോത്സവങ്ങള്‍ ഉപേക്ഷിക്കില്ല. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി തിരിച്ചെത്തിയ ശേഷം അന്തിമ തീരുമാനമെടുക്കും. എന്നാല്‍ സര്‍ക്കാര്‍ പണം ഉപയോഗിച്ച് ഒരു തരത്തിലുമുള്ള ആഘോഷ പരിപാടികളും നടത്തില്ലെന്നും ജയരാജന്‍ പറഞ്ഞു.

ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നല്ല നിലയില്‍ പുരോഗമിക്കുന്നുവെങ്കിലും കുട്ടനാട്ടില്‍ നിന്നും പൂര്‍ണമായും വെള്ളമിറങ്ങാത്തത് പ്രതിസന്ധിയാകുന്നുണ്ടെന്ന് ഇ.പി ജയരാജന്‍ പറഞ്ഞു. എലിപ്പനിയും ഡെങ്കിപ്പനിയും പലയിടത്തും റിപ്പോര്‍ട്ട് ചെയ്തു കഴിഞ്ഞു. ഈ സാഹചര്യത്തില്‍ രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കാണ് സര്‍ക്കാര്‍ ഈ ഘട്ടത്തില്‍ പ്രാമുഖ്യം നല്‍കുന്നത്. സ്‌കൂള്‍ കലോത്സവം വേണ്ടന്നു തീരുമാനിച്ചിട്ടില്ലെന്നും കുട്ടികള്‍ക്ക് ഗ്രേസ് മാര്‍ക്ക് ലഭ്യമാക്കാന്‍ ആര്‍ഭാടങ്ങള്‍ ഒഴിവാക്കി കലോത്സവം സംഘടിപ്പിക്കുമെന്നും ജയരാജന്‍ പറഞ്ഞു.

നാശനഷ്ടങ്ങളെ സംബന്ധിച്ച് ഓരോ വകുപ്പുകളും പ്രാഥമികമായ കണക്കെടുപ്പുകള്‍ പൂര്‍ത്തിയാക്കി. 40000 കോടിയിലേറെ നാശനഷ്ടമാണ് ഈ ഘട്ടത്തില്‍ തന്നെ സര്‍ക്കാര്‍ വിലയിരുത്തുന്നത്.

മന്ത്രിസഭാ യോഗം ചേരുന്നില്ലെന്ന പ്രതിപക്ഷ ആരോപണത്തില്‍ കഴമ്പില്ല. ആവശ്യങ്ങള്‍ക്കനുസരിച്ച് കൃത്യമായി മന്ത്രിസഭായോഗങ്ങള്‍ ചേരും. ആഘോഷങ്ങള്‍ മാറ്റി നിര്‍ത്തുന്നതിരെയുള്ള വിമര്‍ശനങ്ങള്‍ അവര്‍ കലയെ സ്‌നേഹിക്കുന്നവരായതുകൊണ്ടാകും. എന്നാല്‍ ഇത്രയും വലിയ ദുരന്തം നേരിടുന്നതിനിടെ ആഘോഷങ്ങള്‍ ഒഴിവാക്കിയില്ലെങ്കില്‍ അത് വിമര്‍ശനങ്ങളുണ്ടാകുമെന്നും ഇ.പി ജയരാജന്‍ പറഞ്ഞു.

DONT MISS
Top