മെഡിക്കല്‍ പ്രവേശന വിഷയത്തിലെ സുപ്രിംകോടതി വിധിയില്‍ കണ്ണുനട്ട് ആശങ്കയോടെ വിദ്യാര്‍ഥികള്‍

തിരുവനന്തപുരം: മെഡിക്കല്‍ പ്രവേശന വിഷയത്തിലെ സുപ്രീംകോടതി വിധിയില്‍ കണ്ണുനട്ട് ആശങ്കയോടെ വിദ്യാര്‍ഥികള്‍. പ്രവേശനത്തിന് മൂന്നു ദിവസമായി തിരുവനന്തപുരത്ത് തുടരുകയായിരുന്ന വിദ്യാര്‍ഥികളില്‍ ഭൂരിഭാഗം പേരും മടങ്ങിത്തുടങ്ങി. വിധി അനുകൂലമാകുമെന്ന പ്രതീക്ഷയില്‍ കാത്തിരുപ്പ് തുടരുന്നവരുടെ എണ്ണവും ചെറുതല്ല. നാല് സ്വശ്രയമെഡിക്കല്‍ കോളേജുകളിലെ 550 സീറ്റുകളിലേക്കുള്ള പ്രവേശനം അനുവദിച്ച ഹൈക്കോടതി വിധിയാണ് ഇന്നലെ സുപ്രിംകോടതി സ്‌റ്റേ ചെയ്തത്.

തൊടുപുഴ അല്‍അസ്ഹര്‍, പാലക്കാട് പി.കെ ദാസ്, വര്‍ക്കല എസ്.ആര്‍, ഡി.എം വയനാട് എന്നീ കോളേജുകളിലെ പ്രവേശന നടപടികളാണ് സുപ്രീകോടതി സ്‌റ്റേ ചെയ്തത്. ഇതേ തുടര്‍ന്ന് ഈ കോളേജുകളെ കൂടി ഉള്‍പ്പെടുത്തി ചൊവ്വാഴ്ച ആരംഭിച്ച തല്‍സമയ പ്രവേശന നടപടികള്‍ പരീക്ഷ കമ്മീഷണര്‍ നിര്‍ത്തിവെച്ചിരുന്നു. അന്തിമ വിധി വരുന്നതിനനുസരിച്ച് തുടര്‍നടപടികള്‍ തീരുമാനിച്ച് വിജ്ഞാപനം ഇറക്കാമെന്നായിരുന്നു അറിയിപ്പ്. ഇതേ തുടര്‍ന്ന് മൂന്നു ദിവസമായി തിരുവനന്തപുരത്ത് തുടരുകയായിരുന്ന ആയിരക്കണക്കിന് വിദ്യാര്‍ഥികളും മാതാപിതാക്കളും മടങ്ങിത്തുടങ്ങി. വിധി അനുകൂലമാകുമെന്ന പ്രതീക്ഷയില്‍ കാത്തു നില്‍ക്കുന്നവരും നിരവധിയാണ്.

മെഡിക്കല്‍ കൗണ്‍സില്‍ നല്‍കിയ ഹര്‍ജിയിലാണ് സുപ്രിംകോടതി ഇടപെടല്‍. അന്തിമ വിധി വന്ന ശേഷം സര്‍ക്കാര്‍ നടപടികള്‍ തീരുമാനിക്കുമെന്നാണ് ആരോഗ്യമന്ത്രി കെകെ ശൈലജയുടെ പ്രതികരണം.

മറ്റു കോളേജുകളില്‍ പ്രവേശന സാധ്യതയുണ്ടായിരുന്ന വിദ്യാര്‍ഥികള്‍ ഈ നാല് കോളജുകളില്‍ പ്രവേശനം നേടിയിട്ടുണ്ടെങ്കില്‍ അവരുടെ അവസരവും നഷ്ടപ്പെടുന്ന സ്ഥിതിയും നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ ഈ പ്രതിസന്ധി മനസിലാക്കിയാണ് പ്രവേശന നടപടികള്‍ പൂര്‍ത്തീകരിച്ചിട്ടുള്ളതെന്നാണ് ആരോഗ്യവകുപ്പ് സെക്രട്ടറി അടക്കമുള്ളവരുടെ പ്രതികരണം.

DONT MISS
Top