സ്വവര്‍ഗ്ഗ ലൈംഗീക ബന്ധം ഇനി ക്രിമിനല്‍ കുറ്റമല്ല; 377ാം വകുപ്പ് റദ്ദാക്കി സുപ്രിം കോടതി

ദില്ലി: സ്വവര്‍ഗ്ഗ ലൈംഗീകത ക്രിമിനല്‍ കുറ്റം ആക്കുന്ന ഇന്ത്യന്‍ ശിക്ഷ നിയമത്തിലെ 377 വകുപ്പ് സുപ്രിം കോടതി ഭാഗീകമായി റദ്ദാക്കി. പ്രായപൂര്‍ത്തിയായവര്‍ പരസ്പര സമ്മതത്തോടെ നടത്തുന്ന സ്വവര്‍ഗ്ഗ ലൈംഗീകത ക്രിമിനല്‍ കുറ്റം അല്ലെന്ന് സുപ്രിം കോടതി വ്യക്തമാക്കി. അതേ സമയം മനുഷ്യനും മൃഗവും തമ്മില്‍ ഉള്ള ലൈംഗികത ക്രിമിനല്‍ കുറ്റമായി തുടരും. ലൈംഗീക സ്വാതന്ത്ര്യത്തിന്റെ പേരിലുള്ള വിവേചനം ഭരണഘടനാ ഉറപ്പ് നല്‍കുന്ന ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിന്റെ ലംഘനം ആണ് എന്ന് ഭരണഘടന ബെഞ്ച് വ്യക്തമാക്കി.

അഞ്ച് അംഗ ഭരണഘടന ബെഞ്ചില്‍ ചീഫ് ജസ്റ്റിസ് ഉള്‍പ്പടെ നാലു ജഡ്ജിമാര്‍ വെവ്വേറെ വിധികള്‍ ആണ് എഴുതിയത് എങ്കിലും, ഇന്ത്യന്‍ ശിക്ഷ നിയമത്തിലെ 377 വകുപ്പ് ഭാഗീകം ആയി റദ്ദാക്കണം എന്ന ചീഫ് ജസ്റ്റിസിന്റെ നിലപടിനോട് എല്ലാവരും യോജിക്കുക ആയിരുന്നു. ഭരണഘടന ബെഞ്ചിലെ ജസ്റ്റിസ് എ എന്‍ ഖാന്‍വില്‍ക്കര്‍ പ്രത്യേക വിധി എഴുതാതെ ചീഫ് ജസ്റ്റിസിന്റെ വിധിയോട് യോജിക്കുകയായിരുന്നു.

ലൈംഗീക സ്വാതന്ത്ര്യത്തിന്റെ പേരിലുള്ള വിവേചനം ഭരണഘടനാ ഉറപ്പ് നല്‍കുന്ന ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിന്റെ ലംഘനം ആണെന്ന് ഭരണഘടന ബെഞ്ച് വ്യക്തമാക്കി. അതിനാല്‍ ഇന്ത്യന്‍ ശിക്ഷ നിയമത്തിലെ 377 വകുപ്പ് ഭരണഘടനയുടെ 14 ആം അനുച്ഛേദത്തിന്റെ ലംഘനം ആണെന്ന് ചീഫ് ജസ്റ്റിസ് ദിപക് മിശ്രയും ജസ്റ്റിസ് എ എന്‍ ഖാന്‍വില്‍ക്കറും വിധിച്ചു. സ്വവര്‍ഗ്ഗ ലൈംഗീകത വെറും ഒരു മാനസിക പ്രശ്‌നം അല്ല എന്ന് ജസ്റ്റിസ് നരിമാന്‍ ചൂണ്ടിക്കാട്ടി.

ഒരു വിഭാഗം ജനതയെ പൊതു സമൂഹത്തില്‍ നിന്ന് അകറ്റി നിറുത്തുന്നതാണ് ഇന്ത്യന്‍ ശിക്ഷ നിയമത്തിലെ 377 വകുപ്പ് എന്ന് ജസ്റ്റിസ് ചന്ദ്രചൂഡ് ചൂണ്ടിക്കാട്ടി. 157 വര്‍ഷം പഴക്കമുള്ള ഒരു കൊളോണിയല്‍ നിയമം ആണിത്. കൊളോണിയല്‍ നിയമം കൊണ്ട് ആരെയും സമൂഹത്തില്‍ നിന്ന് ഒഴിവാക്കി നിറുത്താന്‍ ആകില്ല ചന്ദ്രചൂഡ് അഭിപ്രായപ്പെട്ടു. സ്വവര്‍ഗ്ഗ ലൈംഗീകത ക്രിമിനല്‍ കുറ്റം അല്ലാതെ ആക്കുന്നത് ആദ്യ പടി ആണ്. ഭരണഘടന ഇതിലും അപ്പുറം ഉറപ്പ് നല്‍കുന്നു എന്നും ജസ്റ്റിസ് ചന്ദ്രചൂഡ് വിധി ന്യായത്തില്‍ രേഖപ്പെടുത്തി.

വിവേചനത്തിനും ബഹിഷ്‌കരണത്തിനും ചരിത്രം സ്വവര്‍ഗ്ഗ അനുരാഗികളോട് മാപ്പ് പറയണം എന്ന് ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര തന്റെ വിധി ന്യായത്തില്‍ രേഖപ്പെത്തി. ഇന്ത്യന്‍ ശിക്ഷ നിയമത്തിലെ 377 വകുപ്പ് സുപ്രീം കോടതി ഭാഗീകം ആയി റദ്ദാക്കിയതോടെ പ്രായപൂര്‍ത്തിയായ പുരുഷനും പുരുഷനും തമ്മില്‍ ഉള്ള ലൈംഗീകതയും, സ്ത്രീയും സ്ത്രീയും തമ്മില്‍ ഉള്ള ലൈംഗീകതയും ക്രിമിനല്‍ കുറ്റം അല്ലാതായി. എന്നാല്‍ മനുഷ്യനും മൃഗവും തമ്മില്‍ ഉള്ള ലൈംഗീകത ക്രിമിനല്‍ കുറ്റം ആയി തുടരും.

DONT MISS
Top