കന്നട മീഡിയം സ്‌കൂളുകളില്‍ മലയാളം നിര്‍ബന്ധമാക്കിയതിനെ തുടര്‍ന്നുള്ള പ്രതിസന്ധികളെ ആസ്പദമാക്കിയ സിനിമ ശ്രദ്ധേയമാകുന്നു

കാസര്‍ഗോഡ്: കാസര്‍ഗോഡ് ജില്ലയിലെ കന്നട മീഡിയം സ്‌കൂളുകളില്‍ മലയാളം നിര്‍ബന്ധമാക്കിയതിനെ തുടര്‍ന്നുള്ള പ്രതിസന്ധികളെ ആസ്പദമാക്കി പുറത്തിറങ്ങിയ കന്നഡ സിനിമ ശ്രദ്ധേയമാകുന്നു. മലയാളം മാത്രമറിയുന്ന അധ്യാപകരെ ഇത്തരം സ്‌കൂളില്‍ നിയമിക്കുമ്പോള്‍ കന്നഡ പഠിക്കുന്ന കുട്ടികള്‍ നേരിടുന്ന വെല്ലുവിളികളും സിനിമ പ്രേക്ഷകര്‍ക്ക് മുന്നിലെത്തിക്കുന്നു.

‘സര്‍ക്കാരി ഹിരിയ പ്രാഥമിക ശാലെ കാസറഗോഡു’ എന്ന സിനിമയാണ് ജില്ലയിലെ ഭാഷാന്യൂന പക്ഷത്തിന്റെ ആശങ്കകള്‍ പങ്കുവയ്ക്കുന്നത്.
കേരളത്തിലെ സ്‌കൂളുകളില്‍ മലയാള ഭാഷാ പഠനം സംസ്ഥാന സര്‍ക്കാര്‍ നിര്‍ബന്ധമാക്കിയതോടെ അതിര്‍ത്തി ജില്ലയായ കാസര്‍ഗോട്ടെ, കന്നഡ വിഭാഗം വിദ്യാര്‍ത്ഥികള്‍ നേരിടുന്ന മാനസിക പിരിമുറുക്കമാണ് സിനിമയുടെ പ്രധാന ഇതിവൃത്തം. കന്നഡ മീഡിയം സ്‌കൂളുകളില്‍ മലയാളം മാത്രം അറിയാവുന്ന അധ്യാപകരെ നിയമിക്കുമ്പോള്‍ കുട്ടികള്‍ നേരിടുന്ന പ്രയാസങ്ങളും രക്ഷിതാക്കളുടെ ആശങ്കയുമെല്ലാം സിനിമ പറഞ്ഞ് വയ്ക്കുന്നു. കന്നഡയിലെ പ്രശസ്ത ചലച്ചിത്ര താരം അനന്ത നാഗ് കേന്ദ്ര കഥാപാത്രമായി എത്തുന്ന സിനിമയില്‍ ജില്ലയിലെ നിരവധി കലാകാരന്മാരും അഭിനയിക്കുന്നു. ജില്ലാ എജ്യൂക്കേഷന്‍ ഓഫീസറായി വേഷമിടുന്നത് കാസര്‍ഗോഡ് അഡൂര്‍ സ്വദേശിയായ റിട്ടേര്‍ഡ് ഹെഡ്മാസ്റ്റര്‍ ബാലകൃഷ്ണനാണ്.

ജില്ലയുടെ സാംസ്‌കാരിക പൈതൃകവും പ്രകൃതി മനോഹാരിതയുമെല്ലാം കോര്‍ത്തിണക്കി ചിത്രീകരിച്ച സിനിമ ഇതിനോടകം കര്‍ണ്ണാടകയിലുള്‍പ്പെടെ ജനപ്രീതി നേടി കഴിഞ്ഞു.

DONT MISS
Top