വയനാട്ടില്‍ വീണ്ടും മാവോയിസ്റ്റ് സാന്നിധ്യം; പ്രളയദുരന്തത്തില്‍ സര്‍ക്കാരിനെ വിമര്‍ശിച്ചുള്ള ലഘുലേഖകള്‍ വിതരണം ചെയ്തു

കല്‍പ്പറ്റ: വയനാട്ടില്‍ വീണ്ടും മാവോയിസ്റ്റ് സാന്നിധ്യം. പ്രളയദുരന്തില്‍ സര്‍ക്കാരിനെ വിമര്‍ശിച്ചുകൊണ്ടുള്ള ലഘുലേഖകളും സംഘം വിതരണം ചെയ്തു. പൊലീസും തണ്ടര്‍ബോള്‍ട്ടും ഇവര്‍ക്കായുള്ള തെരച്ചില്‍ ആരംഭിച്ചു.

തലപ്പുഴ ചുങ്കം, കാപ്പിക്കളത്ത് മുദ്രാവാക്യം വിളിച്ചെത്തിയ സംഘം വീടുകളില്‍ കയറിയാണ് ലഘുലേഖകള്‍ വിതരണം ചെയ്തത്. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാന്‍ ആഹ്വാനം ചെയ്യുന്നതായിരുന്നു ലഘുലേഖകള്‍. രക്ഷാപ്രവര്‍ത്തകരെ അഭിനന്ദിച്ചുകൊണ്ടും സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചുകൊണ്ടുമുള്ള ലഘുലേഖകളില്‍ ഡാമുകളും ക്വാറികളും ദുരന്തന്തങ്ങളുടെ വ്യാപ്ത്തി കൂട്ടിയെന്നും സര്‍ക്കാര്‍ സംവിധാനം നോക്കുകുത്തിയായെന്നും പറയുന്നു.

പ്രളയം രണ്ടു മാസം മുന്‍പ് തിരിച്ചറിഞ്ഞിട്ടും ജനങ്ങളെ മാറ്റിപ്പാര്‍പ്പിക്കാനോ വേണ്ട മുന്‍കരുതല്‍ എടുക്കാനോ കഴിയാത്ത സര്‍ക്കാര്‍ ഇപ്പോള്‍ നടത്തുന്ന മുതലകണ്ണീര്‍ വെറും കാപട്യമാണെന്നും കുറ്റപ്പെടുത്തുന്നു. സിപിഐ മാവോയിസ്റ്റ് കബനി ഏരിയാകമ്മിറ്റി എന്നാണ് പേനകൊണ്ട് എഴുതി തയ്യാറാക്കിയ കുറിപ്പില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. മൂന്നംഗ മാവോയിസ്റ്റ് സംഘമാണ് വീടുകളില്‍ എത്തിയതെന്ന് നാട്ടുകാര്‍ പറഞ്ഞു.

DONT MISS
Top