ഗുഡ്ക അഴിമതി: തമിഴ്‌നാട്ടില്‍ മന്ത്രിയുടെയും ഡിജിപിയുടെയും വീട്ടില്‍ സിബിഐ റെയ്ഡ്

ചെന്നൈ: ഗുഡ്ക അഴിമതിയുമായി ബന്ധപ്പെട്ട് തമിഴ്‌നാട്ടില്‍ ആരോഗ്യമന്ത്രി സി വിജയ ഭാസ്‌ക്കറിന്റെയും ഡിജിപി ടികെ രാജേന്ദ്രന്റെയും വീട്ടില്‍ സിബിഐ റെയ്ഡ്. 31 ഓളം കേന്ദ്രങ്ങളിലാണ് സിബിഐ റെയ്ഡ് നടത്തുന്നത്. ഇതില്‍ മുന്‍ ചെന്നൈ സിറ്റി പൊലീസ് കമ്മീഷണര്‍ എസ് ജോര്‍ജിന്റെയും മുന്‍ മന്ത്രി രമണയുടെ വീടുകളും ഉള്‍പ്പെടും. രാവിലെ ഏഴുമണിയോടെയാണ് റെയ്ഡ് ആരംഭിച്ചത്. വൈകുന്നേരം വരെ റെയ്ഡ് തുടരും.

2017 ജൂലൈ 8 ന്  250 കോടിയുടെ ടാക്‌സ് വെട്ടിപ്പ് നടത്തിയതിന് തമിഴ്‌നാട്ടിലെ ഗുഡ്ക ഉത്പാദന കേന്ദ്രത്തില്‍ ആദായവകുപ്പ് റെയ്ഡ് നടത്തിയിരുന്നു. റെയ്ഡില്‍ ഗുഡ്ക ഉത്പാദകര്‍ കൈക്കൂലി നല്‍കിയ ഉദ്യോഗസ്ഥരുടെ വിവരങ്ങള്‍ അടങ്ങുന്ന ഒരു ഡയറിയും ആദായ വകുപ്പിന് ലഭിച്ചു. ഉദ്യോഗസ്ഥര്‍ക്ക് 40 കോടിയോളം രൂപ കൈക്കൂലി നല്‍കിയിട്ടുണ്ട് എന്നാണ് ഡയറിയില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.

ഈ വര്‍ഷം ഏപ്രില്‍ മാസത്തിലാണ് കേസിന്റെ അന്വേഷണം മദ്രാസ് ഹൈക്കോടതി സിബിഐ ഏല്‍പ്പിച്ചത്. തമിഴ്‌നാട് സര്‍ക്കാരിലെയും, കേന്ദ്ര എക്‌സൈസ് വകുപ്പിലെയും ഭക്ഷ്യ സുരക്ഷാ വകുപ്പിലെയും ഏതാനും ഉദ്യോഗസ്ഥര്‍ക്ക് എതിരെ സിബിഐ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

തമിഴ്‌നാട്ടില്‍ പാന്‍മസാല ഉത്പന്നങ്ങള്‍ക്ക് 2013 മുതല്‍ നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. പാന്‍മസാലകള്‍ ഉത്പാദിപ്പിക്കുന്നതിനും ശേഖരിച്ചുവയ്ക്കുന്നതിനും വില്‍പ്പന നടത്തുന്നതിനും നിരോധനം ഉണ്ട്.

DONT MISS
Top