എസ് ഹരീഷിന്റെ മീശക്കെതിരായ ഹർജി സുപ്രിം കോടതി തള്ളി 

ദില്ലി: എസ് ഹരീഷിന്റെ മീശ എന്ന നോവല്‍ പ്രസിദ്ധീകരിക്കുന്നതും വിതരണം ചെയ്യുന്നതും തടയണം എന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി സുപ്രിം കോടതി തള്ളി. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബഞ്ചാണ് ഹര്‍ജി തള്ളിയത്. പുസ്തകത്തിന്റെ ഒരു ഭാഗം മാത്രം എടുത്തല്ല വായിക്കേണ്ടത്. എഴുത്തുകാരന്റെ ഭാവനയെയും സൃഷ്ടി വൈഭവത്തെയും ബഹുമാനിക്കണം എന്നു സുപ്രിം കോടതി പറഞ്ഞു. ദില്ലി മലയാളി രാധാകൃഷ്ണന്‍ വരേണിക്കലാണ് മീശയ്‌ക്കെതിരെ സുപ്രിം കോടതിയെ സമീപിച്ചിരുന്നത്.

പുസ്‌കത്തിന്റെ വിവാദമായ ഭാഗങ്ങള്‍ നീക്കം ചെയ്യണം എന്ന ഹര്‍ജിക്കാരന്റെ ആവശ്യവും കോടതി പരിഗണിച്ചില്ല. എഴുത്തുകാരന്റെ ആവിഷ്‌കാര സ്വാതന്ത്ര്യത്തിനുമേല്‍ കടന്നുകയറാന്‍ കോടതിക്കോ നിയമങ്ങള്‍ക്കോ സാധിക്കില്ല എന്നും കോടതി വ്യക്തമാക്കി.

മത വികാരം വ്രണപ്പെടുത്തുന്ന പരാമർശങ്ങൾ ഉള്ളതിനാൽ മീശ നോവൽ നിരോധിക്കണം എന്നാതായിരുന്നു  ഹർജിയിലെ ആവശ്യം. നോവലിന്റെ ഭാഗങ്ങൾ പ്രസിദ്ധീകരിച്ച മാതൃഭൂമി ആഴ്ച്ച പതിപ്പിന്റെ പകർപ്പുകൾ പിടിച്ചെടുക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു.  ഹർജി തള്ളണമെന്നു കേന്ദ്ര സംസ്ഥാന സർക്കാരുകളും ആവശ്യപ്പെട്ടിരുന്നു.

ഹര്‍ജി ഇതിനു  മുന്‍പ് പരിഗണിച്ചപ്പോള്‍  പുസ്തകങ്ങള്‍ നിരോധിക്കുന്ന സംസ്‌കാരത്തോട് യോജിക്കാനാകില്ലെന്നും അത് സ്വതന്ത്രമായ ആശയങ്ങളുടെ ഒഴുക്കിനെ തടയുന്നതാണെന്നും ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കിയിരുന്നു. ഇതേതുടര്‍ന്ന് ക്ഷേത്രത്തില്‍ പോകുന്ന സ്ത്രീകളെ അപമാനിക്കുകയും അപഹസിക്കുകയും ചെയ്യുന്ന നോവലിലെ വിവാദ ഭാഗങ്ങള്‍ നീക്കിയാല്‍ മതി എന്ന നിലപാട് ഹര്‍ജിക്കാരന്‍ കോടതിയില്‍ എഴുതി നല്‍കിയിരുന്നു.

DONT MISS
Top