സാഫ് കപ്പ് ഫുട്‌ബോള്‍: ഇന്ത്യ ഇന്ന് ശ്രീലങ്കയ്‌ക്കെതിരെ

പ്രതീകാത്മക ചിത്രം

ധാക്ക: സാഫ്കപ്പ് ഫുട്‌ബോളില്‍ നിലവിലെ ജേതാക്കളായ ഇന്ത്യ ഇന്ന് ശ്രീലങ്കയ്‌ക്കെതിരെ ഇറങ്ങും. ധാക്ക ബംഗബന്ധു സ്‌റ്റേഡിയത്തില്‍ വൈകിട്ട് 6.30 നാണ് മത്സരം. ഏഴ് രാജ്യങ്ങള്‍ പങ്കെടുക്കുന്ന ടൂര്‍ണമെന്റില്‍ ശ്രീലങ്കയ്ക്കും മാലിദ്വീപിനുമൊപ്പം ഗ്രൂപ്പ് ‘ബി’യിലാണ് ഇന്ത്യ. പാകിസ്താന്‍, ബംഗ്ലാദേശ്, നേപ്പാള്‍, ഭൂട്ടാന്‍ എന്നിവരാണ് ‘എ’ ടീമില്‍.

ശ്രീലങ്കയ്‌ക്കെതിരെ അണ്ടര്‍ 23 ടീമിലെ കളിക്കാരുമായാണ് ഇന്ത്യ ഇന്നിറങ്ങുന്നത്. മലയാളി താരം ആഷിഖ് കുരുണിയന്‍ അടങ്ങുന്ന ടീമിനെ പ്രതിരോധ താരം സുഭാശിഷ് ബോസ് നയിക്കും. സുമിത് പാസിയാണ് ടീമിലെ മുതിര്‍ന്ന താരം. നേരത്തെ ഇന്ത്യയും ശ്രീലങ്കയും 22 തവണ ഏറ്റുമുട്ടിയപ്പോള്‍ 15 ലും വിജയം ഇന്ത്യക്കൊപ്പമായിരുന്നു.

ടീമിലെ യുവതാരങ്ങളില്‍ പരിശീലകന്‍ സ്റ്റീഫന്‍ കോണ്‍സ്റ്റന്‍ന്റൈന്‍ പ്രത്യാശ പ്രകടിപ്പിച്ചു. അടുത്തവര്‍ഷം ആരംഭിക്കാനിരിക്കുന്ന എഎഫ്‌സി ഏഷ്യന്‍ കപ്പിന് മുന്നോടിയായി യുവതാരങ്ങള്‍ക്ക് ടൂര്‍ണമെന്റ് മികച്ച അനുഭവം സമ്മാനിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇന്ത്യന്‍ ടീം-

ഗോള്‍കീപ്പര്‍മാര്‍: വിശാല്‍ കെയ്ത്, സുഖ്‌ദേവ് പാട്ടീല്‍, കമല്‍ജിത് സിംഗ്.

പ്രതിരോധം: ധാവീന്ദര്‍ സിംഗ്, സലാം രഞ്ജന്‍ സിംഗ്, സാര്‍ഥക് ഗോലുയി, സുഭാശിഷ് ബോസ്, മുഹമ്മദ് സാജിദ് ദോത്, ജെറി ലാരിന്‍സുവാല.

മധ്യനിര: നിഖില്‍ പൂജാരി, വിനിത് റായ്, ഗെര്‍മന്‍പ്രീത് സിംഗ്, അനിരുദ്ധ് ഥാപ്പ, ലാല്ലിയന്‍സുവാല, ആഷിഖ് കുരുണിയന്‍, വിഘ്‌നേഷ് ഡി.

മുന്നേറ്റം: സുമിത് പാസി, ഹിതേഷ് ശര്‍മ്മ, മന്‍വിര്‍ സിംഗ്, ഫറൂഖ് ചൗധരി.

DONT MISS
Top