എഎല്‍എക്കെതിരായ പരാതി: യെച്ചൂരിയുടെ അഭിപ്രായം തള്ളി പോളിറ്റ് ബ്യൂറോ, സംസ്ഥാന ഘടകം ഉചിതമായ നടപടി സ്വീകരിക്കും

ദില്ലി: ഷൊര്‍ണൂര്‍ എംഎല്‍എ പികെ ശശിക്കെതിരെ ഡിവൈഎഫ്‌ഐ വനിതാ നേതാവ് നല്‍കിയ ലൈംഗിക പീഡന പരാതി അന്വേഷിക്കാന്‍ കേന്ദ്ര നേതൃത്വം നിര്‍ദ്ദേശിച്ചു എന്ന സീതാറാം യെച്ചൂരിയുടെ അഭിപ്രായം തള്ളി സിപിഐഎം പോളിറ്റ് ബ്യുറോ വാര്‍ത്ത കുറിപ്പ് ഇറക്കി. പരാതിയില്‍ സിപിഐഎം സംസ്ഥാന ഘടകം ഉചിതമായ നടപടി സ്വീകരിക്കും എന്നും വാര്‍ത്ത കുറിപ്പില്‍ പോളിറ്റ് ബ്യുറോ വ്യക്തമാക്കി. അതേസമയം ശശിക്ക് എതിരായ പരാതിയെ കുറിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങള്‍ അടങ്ങിയ സമിതിയുടെ അന്വേഷണം ആരംഭിച്ചു. അന്വേഷണം പൂര്‍ത്തിയാക്കുന്നത് വരെ ശശിയെ പാര്‍ട്ടി കമ്മിറ്റികളില്‍ നിന്ന് മാറ്റി നിര്‍ത്തിയേക്കും.

മണ്ണാര്‍ക്കാട് പാര്‍ട്ടി ഓഫീസില്‍ വച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചു എന്നാരോപിച്ചാണ് ഡിവൈഎഫ്‌ഐയുടെ വനിത നേതാവ് സിപിഐഎം കേന്ദ്ര നേതൃത്വത്തിന് നല്‍കിയ പരാതി. എന്നാല്‍ ഇങ്ങനെ ഒരു പരാതിയെ കുറിച്ച് അറിയില്ല എന്നായിരുന്നു സിപിഐഎം കേന്ദ്ര കമ്മിറ്റി ആസ്ഥാനത്ത് വച്ച് പ്രകാശ് കാരാട്ട് മാധ്യമങ്ങളോട് വ്യക്തമാക്കിയത്. എന്നാല്‍ തൊട്ടുപിന്നാലെ എകെജി ഭവനില്‍ എത്തിയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി മുന്‍ ജനറല്‍ സെക്രട്ടറിയെ തിരുത്തി. പരാതി തനിക്ക് ഇന്നലെ ലഭിച്ചതായും അന്വേഷിച്ച് നടപടി സ്വീകരിക്കാന്‍ സംസ്ഥാന ഘടകത്തോട് നിര്‍ദ്ദേശിച്ചതായും സീതാറാം യെച്ചൂരി വ്യക്തമാക്കി.

യെച്ചൂരിയുടെ അഭിപ്രായം പുറത്ത് വന്നതോടെ പാര്‍ട്ടി പ്രതിരോധത്തിലായി. മണിക്കൂറുകള്‍ക്ക് ഉള്ളില്‍ ജനറല്‍ സെക്രട്ടറിയുടെ അഭിപ്രായം തള്ളി പോളിറ്റ് ബ്യുറോ വാര്‍ത്ത കുറിപ്പ് ഇറക്കി. പരാതിയെ കുറിച്ച് അന്വേഷിക്കാന്‍ സംസ്ഥാന ഘടകത്തോട് കേന്ദ്ര നേതൃത്വം നിര്‍ദ്ദേശിച്ചു എന്ന മാധ്യമ വാര്‍ത്ത അടിസ്ഥാന രഹിതമാണെന്ന് വ്യക്തമാക്കിയായിരുന്നു വാര്‍ത്താ കുറിപ്പ്. പരാതി സംസ്ഥാന നേതൃത്വം അന്വേഷിക്കുമെന്നും വാര്‍ത്ത കുറിപ്പില്‍ വ്യക്തമാക്കിയിരുന്നു. അതേസമയം പരാതി മൂന്ന് ആഴ്ച മുമ്പ് ലഭിച്ചിരുന്നു എന്ന് കോടിയേരി ബാലകൃഷ്ണന്‍ തിരുവനന്തപുരത്ത് വ്യക്തമാക്കി.

DONT MISS
Top