ദുരിതബാധിതര്‍ക്കായി ശേഖരിച്ച വസ്തുക്കള്‍ യുഡിഎഫ് പൂഴ്ത്തിവച്ചുവെന്നാരോപണം; മുക്കത്ത് ഡിവൈഎഫ്‌ഐ മാര്‍ച്ച് നടത്തി

കോഴിക്കോട്: യുഡിഎഫ് നേതൃത്വത്തില്‍ ദുരിതബാധിതര്‍ക്കായി ശേഖരിച്ച അരിയുള്‍പ്പെടെയുള്ള വസ്തുക്കള്‍ പൂഴ്ത്തിവെച്ചുവെന്നാരോപിച്ച് കോഴിക്കോട് മുക്കത്ത് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തി. ശേഖരിച്ച സാധനങ്ങള്‍ ദുരിതബാധിതര്‍ക്ക് വിതരണം ചെയ്യണമെന്നാവശ്യപ്പെട്ടായിരുന്നു മാര്‍ച്ച്. എന്നാല്‍ ഡിവൈഎഫ്‌ഐയുടേത് സമരാഭാസമെന്നാണ് യുഡിഎഫിന്റെ പ്രതികരണം.

ദുരിതബാധിതര്‍ക്ക് നല്‍കാനായി എംപി ഷാനവാസിന്റെ നേതൃത്വത്തില്‍ ശേഖരിച്ച അരിയുള്‍പ്പെടെയുള്ള സാധനങ്ങള്‍ യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റിന്റെ ഗോഡൗണില്‍ ഒളിപ്പിച്ചു വെച്ചിരിക്കുകയാണെന്ന് ആരോപിച്ചായിരുന്നു കോഴിക്കോട് മുക്കത്ത് ഡിവൈഎഫ്‌ഐയുടെ നേതൃത്വത്തില്‍ പ്രതിഷേധം. പാവപ്പെട്ടവര്‍ക്ക് വിതരണം ചെയ്യേണ്ട ചാക്ക് കണക്കിന് അരിയും മറ്റ് സാധനങ്ങളും അര്‍ഹിക്കുന്നവര്‍ക്ക് നല്‍കാതെ പൂഴ്ത്തിവെച്ചിരിക്കുകയാണെന്നും ഡിവൈഎഫ്‌ഐ ആരോപിച്ചു.

പ്രതിഷേധത്തെ തുടര്‍ന്ന് സാധനങ്ങള്‍ മുക്കം പൊലീസ് കസ്റ്റഡിയിലെടുത്തു. എന്നാല്‍ ഡിവൈഎഫ്‌ഐയുടേത് സമരാഭാസമായിരുന്നുവെന്നാണ് യൂത്ത് കോണ്‍ഗ്രസ് നേതാക്കളുടെ പ്രതികരണം. ഒരു ടണ്‍ അരികൂടി എംപി ഷാനവാസ് നല്‍കാമെന്ന് പറഞ്ഞിരുന്നത് കൊണ്ടാണ് ആവശ്യക്കാര്‍ക്ക് വിതരണം ചെയ്യുന്നതിനായി നേരത്തേ കിട്ടിയ അരി ഗോഡൗണില്‍ സൂക്ഷിച്ചതെന്നും യൂത്ത് കോണ്‍ഗ്രസ് നേതാവ് ജുനൈദ് പാണ്ടികശാല പറഞ്ഞു. ഇത് സാക്ഷ്യപ്പെടുത്തുന്ന എംപി ഷാനവാസിന്റെ കത്ത് നേതാക്കള്‍ പൊലീസ് സ്‌റ്റേഷനില്‍ ഹാജരാക്കിയതോടെ നേരത്തെ കസ്റ്റഡിയിലെടുത്ത സാധനങ്ങള്‍ പൊലീസ് യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് വിട്ടുനല്‍കി. കോഴിക്കോട് മലപ്പുറം വയനാട് ജില്ലകളിലായി എംപി നേരത്തെ ടണ്‍ കണക്കിന് അരി വിതരണം ചെയ്തിരുന്നതായും നേതാക്കള്‍ പറഞ്ഞു.

DONT MISS
Top