പരാതിയെക്കുറിച്ച് അറിയില്ല; രാഷ്ട്രീയമായി തകര്‍ക്കാന്‍ ശ്രമിക്കുന്നുവെന്ന് പികെ ശശി

പികെ ശശി

പാലക്കാട്: ഡിവൈഎഫ്‌ഐ വനിതാ നേതാവ് തനിക്കെതിരെ നല്‍കിയ പരാതിയെക്കുറിച്ച് അറിയില്ലെന്ന് ഷൊര്‍ണൂര്‍ എംഎല്‍എ പികെ ശശി.  ഇത്തരത്തില്‍ ഒരു പരാതി ഉള്ള വിവരം പാര്‍ട്ടി തന്നോട് പറഞ്ഞിട്ടില്ല. നല്ല ജനപ്രതിനിധിയായി മുന്നോട്ട് പോകും. നിയോജക മണ്ഡലത്തിലെ ജനങ്ങള്‍ക്ക് എന്നെക്കുറിച്ച് നന്നായി അറിയാം. രാഷ്ട്രീയ ജീവിതത്തില്‍ ഒട്ടേറെ പ്രതിസന്ധി ഘട്ടങ്ങളെ നേരിട്ടിട്ടുണ്ട്. രാഷ്ട്രീയമായി തകര്‍ക്കാന്‍ ശ്രമിക്കുന്നവരാണ് ഇത്തരത്തിലുള്ള മാര്‍ഗങ്ങള്‍ ഉപയോഗിക്കുന്നതെന്നും വിഷയുമായി ബന്ധപ്പെട്ട് പ്രതികരിക്കവെ പികെ ശശി പറഞ്ഞു.

പാര്‍ട്ടിതല അന്വേഷണം വരുമെന്നാണ് ഇപ്പോള്‍ വാര്‍ത്തകള്‍ വരുന്നത്. പാര്‍ട്ടിതല അന്വേഷണം നേരിടേണ്ടി വന്നാല്‍ ഒരു കമ്മ്യൂണിസ്റ്റുകാരനായി അതിനെ നേരിടും. പാര്‍ട്ടിയുടെ ഉന്നത സ്ഥാനത്ത് ഇരിക്കുന്ന വ്യക്തി എന്ന നിലയില്‍ ഇത്തരത്തിലുള്ള ആരോപണങ്ങള്‍ സ്വഭാവികമാണ്. പക്ഷേ ഇത്തരത്തില്‍ ഒരു ആരോപണം ഉയര്‍ന്നുവരും എന്ന് പ്രതീക്ഷിച്ചിരുന്നില്ല. ആരോപണത്തെ അതിജീവിക്കും. ഇതിന്റെ നിജസ്ഥിതി പാര്‍ട്ടിയോട് ചോദിക്കും എന്നും പികെ ശശി പറഞ്ഞു.

മണ്ണാര്‍ക്കാട് പാര്‍ട്ടി ഓഫീസില്‍ വെച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചു എന്നാണ് ഡിവൈഎഫ്‌ഐ വനിതാ നേതാവ് സിപിഐഎം പോളിറ്റ് ബ്യുറോ അംഗം ബൃന്ദാ കാരാട്ടിന് നല്‍കിയ പരാതിയില്‍ ആരോപിച്ചിരിക്കുന്നത്. ആഗസ്ത് 14 നാണ് പരാതി ബൃന്ദയ്ക്ക് കൈമാറിയത്. ഈ പരാതിയില്‍ തീരുമാനം ഉണ്ടാകാത്തതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം നിയമ വിദ്യാര്‍ത്ഥി കൂടി ആയ പെണ്‍കുട്ടി സിപിഐഎം ജനറല്‍ സെക്രട്ടറിക്ക് ഇ മെയിലിലൂടെ പരാതി അയച്ചു.

DONT MISS
Top