മൂന്ന് സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസുമായി സീറ്റ് ധാരണയുണ്ടാക്കാന്‍ സിപിഐ; നാളെ ചേരുന്ന കേന്ദ്ര സെക്രട്ടറിയേറ്റ് യോഗം വിഷയം ചര്‍ച്ച ചെയ്യും

ദില്ലി: ഛത്തീസ് ഗാര്‍ഡ്, മധ്യപ്രദേശ്, രാജസ്ഥാന്‍ നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രെസ്സുമായി സഖ്യത്തില്‍ മത്സരിക്കാന്‍ സിപിഐ തയ്യാര്‍ എടുക്കുന്നു. സഖ്യം ചര്‍ച്ച ചെയ്യാന്‍ സിപിഐ ദേശീയ സെക്രട്ടറിയേറ്റ് നാളെ ദില്ലിയില്‍ ചേരും. അതേസമയം നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ഒറ്റയ്ക്ക് മത്സരിച്ച് മതേതര വോട്ടുകള്‍ ഭിന്നിപ്പിക്കരുത് എന്ന ആവശ്യം സിപിഎംന് ഉള്ളിലും ശക്തമാകുകയാണ്. രാജസ്ഥാനത്തില്‍ കോണ്‍ഗ്രസ്സുമായി സഹകരിച്ച് മത്സരിക്കുന്നതിന് സിപിഎം സംസ്ഥാന ഘടകം കേന്ദ്ര നേതൃത്വത്തിന്റെ അനുമതി തേടി.

നവംബര്‍ ഡിസംബര്‍ മാസങ്ങളില്‍ നിയമസഭാ തെരെഞ്ഞെടുപ്പ് നടക്കുന്ന ഛത്തീസ് ഗാര്‍ഡ്, മധ്യപ്രദേശ്, രാജസ്ഥാന്‍ എന്നിവിടങ്ങളില്‍ കോണ്‍ഗ്രെസ്സുമായുള്ള സഖ്യത്തെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ആണ് സിപിഐ ദേശിയ സെക്രട്ടറിയേറ്റ് നാളെ ദില്ലിയില്‍ ചേരുന്നത്. നിലവില്‍ ഈ മൂന്ന് സംസ്ഥാനങ്ങളില്‍ സിപിഐയ്ക്ക് എംഎല്‍എമാരില്ല. എന്നാല്‍ കോണ്‍ഗ്രസ്സുമായി സഖ്യത്തില്‍ ഏര്‍പ്പെട്ടാല്‍ ഛത്തീസ് ഗാര്‍ഡില്‍ പാര്‍ട്ടിക്ക് മൂന്ന് നാല് മണ്ഡലങ്ങളില്‍ വിജയിക്കാം എന്നാണ് കണക്ക് കൂട്ടുന്നത്.

2013 ലെ നിയമസഭാ തെരെഞ്ഞെടുപ്പില്‍ ഛത്തീസ് ഗാര്‍ഡില്‍ മത്സരിച്ച 13 മണ്ഡലങ്ങളില്‍ 12 ഇടങ്ങളിലും പാര്‍ട്ടി സ്ഥാനാര്‍ത്ഥികള്‍ക്ക് കെട്ടി വച്ച കാശ് നഷ്ടമായി. 0.66 ശതമാനം വോട്ട് മാത്രമാണ് ലഭിച്ചത്. എന്നാല്‍ ശക്തി കേന്ദ്രം ആയ ബസ്തര്‍ മേഖലയില്‍ കോണ്‍ഗ്രസ്സുമായി സഖ്യത്തില്‍ ഏര്‍പ്പെട്ട് മത്സരിച്ചാല്‍ നേട്ടം ഉണ്ടാകും എന്നാണ് സിപിഐയുടെ കണക്ക് കൂട്ടല്‍. മധ്യ പ്രദേശ്, രാജസ്ഥാന്‍ എന്നിവിടങ്ങളില്‍ സിപിഐക്ക് കാര്യമായ സ്വാധീനം ഇല്ല. ഇവിടെ കോണ്‍ഗ്രസിന് പൂര്‍ണ്ണ പിന്തുണ പാര്‍ട്ടി നല്‍കും. സിപിഐയുടെ വാഗ്ദാനത്തോട് കോണ്‍ഗ്രസ് ഇത് വരെ പ്രതികരിച്ചില്ല.

അതേ സമയം നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ്സുമായി സഹകരണം വേണം എന്ന ആവശ്യം സിപിഎംന്റെ രാജസ്ഥാന്‍ ഛത്തീസ് ഗാര്‍ഡ്, മധ്യപ്രദേശ്, ഘടകങ്ങളില്‍ ശക്തമാകുകയാണ്. ഒറ്റയ്ക്ക് മത്സരിച്ച് മതേരതര വോട്ടുകള്‍ ഭിന്നിപ്പിക്കരുത് എന്നാണ് സിപിഎം സംസ്ഥാന ഘടകങ്ങളുടെ നിലപാട്. രാജസ്ഥാനില്‍ സിപിഎം ശക്തി കേന്ദ്രങ്ങളില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ നിറുത്തിയേക്കില്ല. വിജയസാധ്യത ഇല്ലാത്ത മണ്ഡലങ്ങളില്‍ സ്ഥാനാര്‍ത്ഥിയെ നിറുത്തി കോണ്‍ഗ്രസ് വോട്ട് സിപിഎമ്മും ഭിന്നിപ്പിക്കാന്‍ സാധ്യത ഇല്ല.

DONT MISS
Top