ലൈംഗികാരോപണം: ഷൊര്‍ണൂര്‍ എംഎല്‍എയ്‌ക്കെതിരായ പരാതി സിപിഐഎം അന്വേഷിക്കും

പികെ ശശി

ദില്ലി: ഷൊര്‍ണൂര്‍ എംഎല്‍എ പികെ ശശിക്ക് എതിരെ ഡിവൈഎഫ്‌ഐ വനിത നേതാവ് നല്‍കിയ ലൈംഗീക പീഡന പരാതി സിപിഐഎം അന്വേഷിക്കും. അന്വേഷണത്തിന് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങള്‍ ഉള്‍പ്പെട്ട സമിതിക്ക് രൂപം നല്‍കാന്‍ ഇന്നലെ ചേര്‍ന്ന അവൈലബിള്‍ പോളിറ്റ് ബ്യുറോ നിര്‍ദ്ദേശിച്ചു.

മണ്ണാര്‍ക്കാട് പാര്‍ട്ടി ഓഫീസില്‍ വെച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചു എന്നാണ് ഡിവൈഎഫ്‌ഐ വനിതാ നേതാവ് സിപിഐഎം പോളിറ്റ് ബ്യുറോ അംഗം ബൃന്ദാ കാരാട്ടിന് നല്‍കിയ പരാതിയില്‍ ആരോപിച്ചിരിക്കുന്നത്. ആഗസ്ത് 14 നാണ് പരാതി ബൃന്ദയ്ക്ക് കൈമാറിയത്. ഈ പരാതിയില്‍ തീരുമാനം ഉണ്ടാകാത്തതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം നിയമ വിദ്യാര്‍ത്ഥി കൂടി ആയ പെണ്‍കുട്ടി സിപിഐഎം ജനറല്‍ സെക്രട്ടറിക്ക് ഇ മെയിലിലൂടെ പരാതി അയച്ചു.

യെച്ചുരിക്ക് അയച്ച പരാതി ആണ് ഇന്നലെ ചേര്‍ന്ന സിപിഐഎം അവൈലബിള്‍ പോളിറ്റ് ബ്യുറോ ചര്‍ച്ച ചെയ്തത്. പരാതിയെ കുറിച്ച് അന്വേഷണം നടത്താനും ശശിയില്‍ നിന്ന് വിശദീകരണം തേടാനും സിപിഐഎം കേന്ദ്ര നേതൃത്വം തീരുമാനിച്ചു. അന്വേഷണം സിപിഐഎം സംസ്ഥാന സെക്രട്ടറിയറ്റ് അംഗങ്ങള്‍ ഉള്‍പ്പെട്ട സമിതിയാകും നടത്തുക. അന്വേഷണ സമിതിയില്‍ ഒരു വനിത അംഗം ഉണ്ടായിരിക്കണം എന്നും സിപിഐഎം ജനറല്‍ സെക്രട്ടറി സംസ്ഥാന നേതൃത്വത്തോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്. അന്വേഷണ റിപ്പോര്‍ട്ട് ലഭിച്ചാല്‍ ഉടന്‍ നടപടി ഉണ്ടാകും എന്ന് സിപിഐഎം കേന്ദ്ര നേതാക്കള്‍ വ്യക്തമാക്കി.

DONT MISS
Top