എലിപ്പനി: അടുത്ത മൂന്ന് ആഴ്ചകൂടി അതീവ ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യമന്ത്രി

കെകെ ശൈലജ

കോഴിക്കോട്: എലിപ്പനി പടരുന്ന സാഹചര്യത്തില്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ ടീച്ചര്‍. ഒരുമാസം കൂടി പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകണമെന്നും കോഴിക്കോട് ചേര്‍ന്ന ഉന്നതലയോഗം തീരുമാനിച്ചു.

എലിപ്പനിയെ പ്രതിരോധിക്കാന്‍ അടുത്ത മൂന്ന് ആഴ്ചകൂടി അതീവജാഗ്രത പുലര്‍ത്തണമെന്ന് ശൈലജ ടീച്ചര്‍ വ്യക്തമാക്കി. എലിപ്പനി രോഗലക്ഷണങ്ങളോടെ എത്തുന്ന കേസുകളിലെല്ലാം രോഗസംശയമുള്ളതെന്ന് രേഖപ്പെടുത്തണമെന്നും മന്ത്രി നിര്‍ദ്ദേശിച്ചു. സംസ്ഥാനത്ത് 523 പേര്‍ ഇതുവരെ എലിപ്പനി രോഗലക്ഷണങ്ങളോടെ വിവിധ ആശുപത്രികളില്‍ ചികിത്സതേടി. എലിപ്പനി ബാധിച്ച് ഒമ്പത് മരണവും രോഗ ലക്ഷണങ്ങളോടെ 37 മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. സ്ഥിരീകരിച്ചതില്‍ ആറ് എണ്ണവും കോഴിക്കോട് ജില്ലയിലാണ്.

രോഗം പടരുന്ന സാഹചര്യത്തില്‍ താലൂക്ക് ആശുപത്രികള്‍ വിദഗ്ദ ചികിത്സക്കായി സജ്ജമാക്കും. മരുന്നില്ലെന്ന് പറഞ്ഞ് രോഗികളെ തിരിച്ചയക്കരുതെന്ന് ആശുപത്രികള്‍ക്ക് കര്‍ശന നിര്‍ദ്ദേശവും നല്‍കി. ജനങ്ങള്‍ ആരോഗ്യപ്രവര്‍ത്തകരുടെ നിര്‍ദ്ദേശം അനുസരിച്ച് പ്രതിരോധ മരുന്നുകള്‍ കഴിക്കണമെന്നും ആരോഗ്യമന്ത്രി പറഞ്ഞു. പ്രതിരോധത്തിന് ഡോക്‌സിസൈക്ലിന്‍ ഗുളികകളാണ് ആരോഗ്യവകുപ്പ് നിര്‍ദ്ദേശിക്കുന്നത്. അതേസമയം വാക്സിനുകള്‍ക്കെതിരെ വ്യാജ പ്രചരണം നടത്തിയ ജേക്കബ് വടക്കന്‍ചേരിക്കെതിരെ നടപടി വേണമെന്ന മന്ത്രിയുടെ ആവശ്യത്തെ തുടര്‍ന്ന് പൊലീസ് കേസെടുത്തു.

DONT MISS
Top