അലിസ്റ്റര്‍ കുക്ക് വിരമിക്കല്‍ പ്രഖ്യാപിച്ചു; റെക്കോര്‍ഡുകളുടെ അമരത്ത് സച്ചിന്‍ മാത്രം

ഇംഗ്ലണ്ടിന്റെ ക്രിക്കറ്റ് ഇതിഹാസം അലിസ്റ്റര്‍ കുക്ക് വിരമിക്കുന്നു. ഇന്ത്യയ്‌ക്കെതിരായ അഞ്ചാം ടെസ്‌റ്റോടെയാണ് കുക്ക് പാഡഴിക്കുന്നത്. നിലവില്‍ ടെസ്റ്റ് കളിക്കുന്ന താരങ്ങളില്‍ 10,000 റണ്‍സ് കടന്ന ഒരേയൊരു കളിക്കാരനാണ് കുക്ക്.

ടെസ്റ്റ് ക്രിക്കറ്റിലെ ബാറ്റിംഗ് റെക്കോര്‍ഡുകള്‍ സ്വന്തം പേരിലേക്ക് തിരുത്തിയെഴുതും എന്ന് ക്രിക്കറ്റ് പ്രേമികളേവരും പ്രതീക്ഷിച്ചിരുന്നത് കുക്കിന്റെ കാര്യത്തില്‍ മാത്രമായിരുന്നു. എന്നാല്‍ ഫോമില്ലായ്മ കുക്കിനെ വലച്ചതിനാല്‍ ഒരുപിടി റെക്കോര്‍ഡുകള്‍ അദ്ദേഹത്തിന്റെ കയ്യില്‍നിന്ന് വഴുതി.

എന്നാല്‍ നിലവില്‍ ക്രിക്കറ്റിലുള്ള ഏറ്റവും മികച്ച ബാറ്റ്‌സ്മാന്‍ എന്ന വിശേഷണം വിരാട് കോലിക്കൊപ്പം സജീവമായി നിലനിര്‍ത്തിയ താരമാണ് അലിസ്റ്റര്‍ കുക്ക്. ഇംഗ്ലണ്ട് ടീമിന്റെ യശ്ശസ് വാനോളം ഉയര്‍ത്തി ക്യാപ്റ്റനായും മികച്ച ബാറ്റ്‌സ്മാനായും ടീമിന്റെ നട്ടെല്ലാകാന്‍ കുക്കിന് കഴിഞ്ഞു.

ഇംഗ്ലണ്ടിനായി ഏറ്റവും കൂടുതല്‍ ടെസ്റ്റ് റണ്‍സ് നേടിയത് കുക്കാണ്. 12,254 റണ്‍സാണ് സമ്പാദ്യം. ഇംഗ്ലണ്ടിനായി 32 ടെസ്റ്റ് സെഞ്ച്വറികള്‍ നേടിയതും റെക്കോര്‍ഡാണ്. രാജ്യത്തിനുവേണ്ടി ഏറ്റവും കൂടുതല്‍ തവണ 150 റണ്‍സിലേറെ സ്‌കോര്‍ ചെയ്തതും മറ്റാരുമല്ല-11 തവണ. ഇംഗ്ലണ്ടിനായി ഏറ്റവും കൂടുതല്‍ ടെസ്റ്റ് മത്സരങ്ങള്‍ കളിച്ചതും മറ്റാരുമല്ല. 160 കളികളിലാണ് അദ്ദേഹം സ്വന്തം രാജ്യത്തിനായി ജഴ്‌സിയണിഞ്ഞത്. ഇതില്‍ 158 മത്സരങ്ങളും തുടര്‍ച്ചയായിട്ടാണ് കളിച്ചത്. അത് മറ്റൊരു റെക്കോര്‍ഡ്. ഇംഗ്ലണ്ടിനായി 173 ക്യാച്ചുകളെടുത്ത് അതും റെക്കോര്‍ഡാക്കി മാറ്റി അദ്ദേഹം.

59 ടെസ്റ്റുകളിലാണ് ക്യാപ്റ്റനായത്. ഇത് ഒരു രാജ്യാന്തര റെക്കോര്‍ഡാണ്. ഇതുതന്നെ അദ്ദേഹത്തിന്റെ കരിയറിലെ വിജയം സൂചിപ്പിക്കുന്നു. 24 വര്‍ഷത്തിന് ശേഷം ആസ്‌ട്രേലിയയില്‍വച്ച് ഇംഗ്ലണ്ടിന് ആഷസ് സമ്മാനിച്ചതും കുക്ക് എന്ന ക്യാപ്റ്റനാണ്. ഇന്ത്യയില്‍ 27 വര്‍ഷത്തിന് ശേഷം ഇംഗ്ലണ്ടിന് വിജയം സമ്മാനിച്ച ക്യാപ്റ്റന്‍ എന്നതരത്തിലുള്ള ചെറു റെക്കോര്‍ഡുകള്‍ നിരവധി.

ഇത്തരം കാര്യങ്ങള്‍ ഓര്‍മയില്‍ വച്ചെന്നവണ്ണം അദ്ദേഹം വിടവാങ്ങല്‍ പ്രഖ്യാപനത്തില്‍ സൂചിപ്പിച്ചു, ഇനി തനിക്ക് ഒന്നും രാജ്യത്തിനായി നല്‍കാന്‍ അവശേഷിക്കുന്നില്ല.

എന്നാല്‍ തിരുത്തപ്പെടാതിരിക്കുന്നത് ടെസ്റ്റിലെ ഒരുപിടി ബാറ്റിംഗ് റെക്കോര്‍ഡുകളാണ്. 12,400 റണ്‍സോടെ കുമാര്‍ സംഗക്കാരയും 13,288 റണ്‍സോടെ രാഹുല്‍ ദ്രാവിഡും 13,289 റണ്‍സോടെ ജാക്വസ് കാലിസും 13,378 റണ്‍സോടെ റിക്കി പോണ്ടിംഗും ഏറ്റവും മുകളില്‍ 15,921 റണ്‍സോടെ സച്ചിന്‍ ടെണ്ടുല്‍കറും കുക്കിന് മുന്നില്‍ നില്‍ക്കുന്നു.

മൂന്ന് വര്‍ഷം കൂടി കുക്കിന് ഇതേ ഫോമില്‍ തുടരാനായാല്‍ ഈ റെക്കോര്‍ഡുകളെല്ലാം കുക്ക് മറികടക്കും എന്നാണ് കരുതിപ്പോന്നത്. എന്നാല്‍ താരങ്ങളെ അവസാന കാലത്ത് വിടാതെ പിടികൂടുന്ന ഫോമില്ലായ്മ കുക്കിനെയും പിന്നോട്ടടിച്ചു.

തുടര്‍ച്ചയായി മോശം ഫോമില്‍ ഉഴറുന്നതാണ് കുക്കിനെ കടുത്ത തീരുമാനത്തിലേക്ക് എത്താന്‍ പ്രേരിപ്പിച്ച ഘടകം. കഴിഞ്ഞ 16 ഇന്നിംഗ്‌സുകളിലായി 18 റണ്‍സ് മാത്രമാണ് കുക്കിന്റെ ശരാശരി. ഇന്ത്യയ്‌ക്കെതിരായ കളികളില്‍ എല്ലാത്തിലും സാന്നിധ്യമുണ്ടായിരുന്നുവെങ്കിലും ഒരു അര്‍ദ്ധ സെഞ്ച്വറി പോലും നേടാനായില്ല.

92 ഏകദിനങ്ങളും നാല് ടി20 മത്സരങ്ങളുമാണ് കുക്ക് കളിച്ചത്. നാലുവര്‍ഷമായി ഏകദിനം കളിച്ചിട്ടില്ല. ഏകദിനത്തില്‍ 36.4 എന്ന മോശമല്ലാത്ത ശരാശരിയില്‍ 3,204 റണ്‍സ് അദ്ദേഹം നേടി. തന്റെ കരിയര്‍ പിന്നീടദ്ദേഹം ടെസ്റ്റ് ക്രിക്കിറ്റിനുവേണ്ടി പാകപ്പെടുത്തുകയുണ്ടായി. എന്നാല്‍ ഈ ഇടങ്കയ്യന്‍ പ്രതിഭ കളിയവസാനിപ്പിക്കുന്നുവെന്ന പ്രഖ്യാപനം ഞെട്ടലോടെയാണ് ലോകം കേട്ടത്. സമകാലികനായ എബിഡിയും കളി അടുത്തിടെ അവസാനിപ്പിച്ചിരുന്നു. ക്രിക്കറ്റിന്റെ സൗന്ദര്യത്തേയും ജനപ്രീതിയേയും പോലും ബാധിക്കുന്ന തരത്തലുള്ള നീക്കങ്ങളാണിവ എന്നതില്‍ സംശയമില്ല.

DONT MISS
Top