‘കോണ്‍ഗ്രസ് എന്റെ രക്തത്തിനായി ദാഹിക്കുന്നു’; വാഹനത്തിന് നേര്‍ക്കുണ്ടായ കല്ലേറില്‍ ശിവരാജ് സിംഗ് ചൗഹാന്‍

ഭോപ്പാല്‍: കാറിന് നേര്‍ക്കുണ്ടായ കല്ലേറിന് പിന്നാലെ കോണ്‍ഗ്രസിനെ വിമര്‍ശിച്ച് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ രംഗത്ത്. കോണ്‍ഗ്രസ് തന്റെ രക്തത്തിനായി ദാഹിക്കുകയാണെന്ന് ചൗഹാന്‍ ആരോപിച്ചു.

കഴിഞ്ഞ ദിവസം തെരഞ്ഞെടുപ്പിന് മുന്നോടിയായി നടത്തിയ ജന്‍ ആശിര്‍വാദ് യാത്രക്കിടെയായിരുന്നു ചൗഹാന്റെ കാറിന് നേരെ കല്ലേറുണ്ടായത്. സംഭവത്തില്‍ ഒമ്പത് പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് ആരോപണം. നേതാക്കളുടെ അറിവോടെയാണോ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഇത്തരം ആക്രമണങ്ങള്‍ നടത്തുന്നതെന്നും ചൗഹാന്‍ ചോദിച്ചു.

‘കോണ്‍ഗ്രസ് എന്റെ രക്തത്തിനായി ദാഹിക്കുകയാണ്. മധ്യപ്രദേശില്‍ ഇത്തരം സംഭവങ്ങള്‍ മുന്‍പ് ഉണ്ടായിട്ടില്ല. അഭിപ്രായ വ്യത്യാസങ്ങളുണ്ടാകാം, എന്നാല്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ അവരവരുടെ പ്രവര്‍ത്തനങ്ങളുമായാണ് മുന്നോട്ട് പോയത്’. ഈ രീതിയിലല്ല അഭിപ്രായ വ്യത്യാസങ്ങളെ നേരിടേണ്ടതെന്നും ചൗഹാന്‍ കുറ്റപ്പെടുത്തി.

‘ഏത് ദിശയിലൂടെയാണ് നിങ്ങള്‍ പാര്‍ട്ടിയെ മുന്നോട്ട് കൊണ്ടുപോകുന്നതെന്ന് സോണിയ ഗാന്ധിയോടും, രാഹുല്‍ ഗാന്ധിയോടും, കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ കമല്‍ നാഥിനോടും ഞാന്‍ ചോദിക്കാന്‍ ആഗ്രഹിക്കുകയാണ്. കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരും ചെയ്യുന്നത് ശരിയായ കാര്യമാണോ,’ ചൗഹാന്‍ ചോദിച്ചു.

അതേസമയം ആരോപണങ്ങള്‍ നിഷേധിച്ച് കോണ്‍ഗ്രസ് രംഗത്തെത്തി. സംഭവത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് പങ്കില്ലെന്നും മനപൂര്‍വ്വം അപകീര്‍ത്തിപ്പെടുത്താന്‍ ബിജെപി ശ്രമിക്കുകയാണെന്നും കോണ്‍ഗ്രസ് നേതാവ് അജയ് സിംഗ് പറഞ്ഞു.

DONT MISS
Top