ഫ്രാങ്കോ മുളയ്ക്കലിനെ വീണ്ടും ചോദ്യം ചെയ്യുന്നതിനായി കേരളത്തിലേക്ക് വിളിച്ചുവരുത്തും

ഫ്രാങ്കോ മുളയ്ക്കല്‍

കൊച്ചി: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ജലന്തര്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ വീണ്ടും ചോദ്യം ചെയ്യുന്നതിനായി കേരളത്തിലേക്ക് വിളിച്ചുവരുത്തും. ഒരാഴ്ചയ്ക്കുള്ളില്‍ നോട്ടീസ് അയച്ച് വിളിച്ചുവരുത്താനാണ് തീരുമാനം. കേസിന്റെ മേല്‍നോട്ട ചുമതല വഹിക്കുന്ന ഐജി വിജയ് സാഖറെയുടെ നേതൃത്വത്തില്‍ അന്വേഷണ ഉദ്യോഗസ്ഥരുടെ നിര്‍ണ്ണായക യോഗം ഇന്ന് കൊച്ചിയില്‍ ചേരും.

കന്യാസ്ത്രീ നല്‍കിയ പീഡനപരാതിയില്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കല്‍ നല്‍കിയ മൊഴി പൂര്‍ണ്ണമായും തെറ്റാണെന്ന് കണ്ടെത്തിയതോടെയാണ് ബിഷപ്പിനെ കേരളത്തിലേക്ക് വിളിച്ചുവരുത്താന്‍ തീരുമാനിച്ചത്. ഒരാഴ്ചക്കുള്ളില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടാകും നോട്ടീസ് നല്‍കുക. ഇന്ന് വൈകിട്ട് കൊച്ചിയില്‍ മധ്യമേഖലാ റേഞ്ച് ഐജി അന്വേഷണ സംഘത്തിന്റെ യോഗം വിളിച്ചിട്ടുണ്ട്. യോഗത്തില്‍ അന്വേഷണപുരോഗതി അടക്കമുള്ള കാര്യങ്ങള്‍ ഡിവൈഎസ്പി കെ സുഭാഷ് വിശദീകരിക്കും.

ബിഷപ്പിന്റെ മൊഴിയില്‍ ഇരുപതിലധികം പൊരുത്തക്കേടുകള്‍ ഉണ്ടെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തല്‍. ഇക്കാര്യവും ഐജിയെ അറിയിക്കും. ബിഷപ്പിനെ കേരളത്തിലേക്ക് വിളിച്ചുവരുത്തി ചോദ്യം ചെയ്താല്‍ മാത്രമേ ഇക്കാര്യത്തില്‍ വ്യക്തതയുണ്ടാകൂ. ബിഷപ്പില്‍ നിന്നും കൂടുതല്‍ കന്യാസ്ത്രീകള്‍ക്ക് മോശം അനുഭവം ഉണ്ടായിട്ടുണ്ടെന്നും ബിഷപ്പിന്റ സ്വാധീനത്താലാണ് ഇവര്‍ ഇക്കാര്യം പുറത്തുപറയാത്തതെന്നുമാണ് പൊലീസിന്റെ വിലയിരുത്തല്‍. അറസ്റ്റ് ഉണ്ടായാല്‍ ബിഷപ്പിനെതിരെ കൂടുതല്‍ പേര്‍ രംഗത്തെത്തുമെന്നുമാണ് അന്വേഷണസംഘത്തിന്റെ പ്രതീക്ഷ.

DONT MISS
Top