മാക്കൂട്ടം ചുരം റോഡ് നവീകരണ പ്രവര്‍ത്തികള്‍ ഇഴഞ്ഞുനീങ്ങുന്നു; വലിയ വാഹനങ്ങള്‍ക്കുള്ള നിരോധനം തുടരും

കണ്ണൂര്‍: ഉരുള്‍പൊട്ടലിലും മണ്ണിടിച്ചിലിലും തകര്‍ന്ന കണ്ണൂര്‍ മാക്കൂട്ടം ചുരം റോഡ് നവീകരിക്കുന്നതിനുള്ള പ്രവര്‍ത്തികള്‍ ഇഴഞ്ഞുനീങ്ങുന്നു. ഇതോടെ ഇരിട്ടി- വീരാജ്പേട്ട അന്തര്‍സംസ്ഥാന പാതയായ ഇതു വഴി ബസ്സുകള്‍ ഉള്‍പ്പെടെയുള്ള വലിയ വാഹനങ്ങള്‍ക്കുള്ള നിരോധനം നീങ്ങാന്‍ ഇനിയും മാസങ്ങളെടുക്കും.

മാക്കൂട്ടം വനത്തില്‍ എട്ട് ഇടങ്ങളില്‍ ഉണ്ടായ ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് ചുരം റോഡിന്റെ പലഭാഗങ്ങളും തകര്‍ന്നിരുന്നു. മാക്കൂട്ടം മുതല്‍ പെരുമ്പാടിവരെയുള്ള ഭാഗങ്ങളില്‍ 90ഓളം സ്ഥലങ്ങളില്‍ മണ്ണിടിച്ചിലും മരംവീഴ്ച്ചയും ഉണ്ടായി. ഒരുമാസം പൂര്‍ണ്ണമായും അടച്ചിട്ട റോഡില്‍ താത്ക്കാലിക അറ്റകുറ്റപണികള്‍ നടത്തി ചെറിയ വാഹനങ്ങള്‍ക്കായി തുറന്നുകൊടുത്തിരുന്നു. കര്‍ണ്ണാടക സംസ്ഥാന ഹൈവെ 91ന്റെ ഭാഗമാണ് 86 കിലോമീറ്ററുള്ള മാക്കൂട്ടം റോഡ്. ഇതില്‍ 16 കിലോമീറ്റര്‍ മാക്കൂട്ടം മുതല്‍ പെരുമ്പാടി വരെയുള്ള ഭാഗമാണ് അപകട മേഖലയായി കിടക്കുന്നത്.

വലിയ വാഹനങ്ങള്‍ക്കുള്ള നിരോധനം മൂലം ഏറെ ദുരിതത്തിലായത് മലയാളികളാണ്. ദിനംപ്രതി ആയിരത്തോളം വാഹനങ്ങളാണ് കൂട്ടപുഴ പാലവും കടന്ന് ചുരം റോഡ് കയറി വീരാജ്പേട്ട, മൈസൂരു, ബാംഗളുരു ഭാഗങ്ങളിലേക്ക് എത്തുന്നത്. ഇതുവഴിയുള്ള വാഹന ഗതാഗതം തടസ്സപ്പെട്ടതോടെ പലരും യാത്രതന്നെ റദ്ദാക്കിയിരിക്കുന്നു. തോട്ടം തൊഴിലാളികളും വ്യാപാരികളും വിദ്യാര്‍ത്ഥികളുമാണ് ഏറെ യാത്ര ദുരിതം അനുഭവിക്കുന്നത്. ഇരിട്ടിയില്‍ നിന്നുള്ള ജീപ്പ് സര്‍വ്വീസുകള്‍ മാത്രമാണ് ഏക ആശ്രയം.

ചുരംറോഡ് ശാസ്ത്രീയമായി നവീകരിക്കുന്നതിന് കര്‍ണ്ണാടക പൊതുമരാമത്ത് വകുപ്പ് ആറുകോടിയുടെ പദ്ധതി നടപ്പിലാക്കുമെന്ന് പ്രഖ്യാപിച്ചെങ്കിലും നടപടിയൊന്നുമായില്ല. നിലവിലെ സാഹചര്യത്തില്‍ വലിയ വാഹനങ്ങള്‍ പ്രവേശിക്കാന്‍ ആറുമാസമെങ്കിലും എടുക്കുമെന്നാണ് അധികൃതരുടെ വിശദീകരണം.

DONT MISS
Top