എലിപ്പനി ബാധിച്ച് സംസ്ഥാനത്ത് ഇന്ന് എട്ട് മരണം; കോഴിക്കോട് കണ്‍ട്രോള്‍ റൂം തുറന്നു

തിരുവനന്തപുരം: എലിപ്പനി ബാധിച്ച് സംസ്ഥാനത്ത് ഇന്ന് എട്ട് പേര്‍ മരിച്ചു. പാലക്കാട്, മലപ്പുറം കോഴിക്കോട് തിരുവനന്തപുരം ജില്ലകളില്‍ എലിപ്പനി മരണം റിപ്പോര്‍ട്ട് ചെയ്തു. രോഗലക്ഷണങ്ങളുമായി ചികിത്സ തേടിയവരില്‍ 33 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുമുണ്ട്.

അതീവ ജാഗ്രതയുടെ അന്തരീക്ഷത്തിലാണ് സംസ്ഥാനം കടന്ന് പോകുന്നത്. പ്രളയംബാധിച്ച സാഹചര്യത്തില്‍ സംസ്ഥാനത്ത് പകര്‍ച്ചവ്യാധികള്‍ പടരുന്നു. എലിപ്പനി ബാധിച്ച് സംസ്ഥാനത്ത് എട്ട് മരണം റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ അതീവജാഗ്രത പുലര്‍ത്തണമെന്നും ആരോഗ്യവകുപ്പ് നിര്‍ദ്ദേശിക്കുന്ന മുന്‍കരുതലുകള്‍ ക്യത്യമായി പാലിക്കണമെന്നും ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഡോ റീന കെജെ പറഞ്ഞു.

കോഴിക്കോട് മൂന്നും, പാലക്കാട്, മലപ്പുറം ജില്ലകളില്‍ രണ്ടും, തിരുവനന്തപുരത്ത് ഒന്നും എലിപ്പനി മരണമാണ് സ്ഥീരീകരിച്ചിട്ടുള്ളത്. രോഗം പടരുന്ന പശ്ചാത്തലത്തില്‍ കോഴിക്കോട് മെഡിക്കല്‍ കോളെജില്‍ കണ്‍ട്രോള്‍ റൂം തുറന്നു. രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങുമ്പോള്‍തന്നെ സ്വയം ചികിത്സിക്കാതെ ഡോക്ടര്‍മാരെ സമീപിക്കണമെന്നും ആരോഗ്യവകുപ്പ് ഡയറക്ടര്‍ പറയുന്നു.

അതേസമയം പകര്‍ച്ചവ്യാധികള്‍ പടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് 13 ജില്ലകളില്‍ അതീവ ജാഗ്രത പ്രഖ്യാപിച്ചു. വിവിധ ജില്ലകളില്‍ മഞ്ഞപ്പിത്തം, ഡെങ്കിപ്പനി എന്നിവയും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

DONT MISS
Top