മാഫിയ സംരക്ഷണവുമായി മുന്നോട്ടുപോകുന്ന എംഎല്‍എമാര്‍ ഇടതുമുന്നണിക്ക് ബാധ്യതയാണ്: വിഎം സുധീരന്‍

വിഎം സുധീരന്‍

കൊച്ചി: മാഫിയ സംരക്ഷണവുമായി മുന്നോട്ടുപോകുന്ന എംഎല്‍എമാര്‍ ഇടതുമുന്നണിക്ക് ബാധ്യതയാണെന്ന് കോണ്‍ഗ്രസ് നേതാവ് വിഎം സുധീരന്‍. പിവി അന്‍വര്‍, തോമസ് ചാണ്ടി, എസ് രാജേന്ദ്രന്‍ എന്നീ എംഎല്‍എമാര്‍ ജനതാത്പര്യത്തേക്കാളുപരി മാഫിയാ താത്പര്യങ്ങളുടെ വക്താക്കളാണെന്ന് ഒരിക്കല്‍ കൂടി തെളിയിച്ചിരിക്കുകയാണെന്നും സുധീര്‍ ആരോപിച്ചു.

നമ്മുടെ നാട്ടിലുണ്ടായ മഹാദുരന്തത്തിന്റെ കെടുതികള്‍ ചര്‍ച്ച ചെയ്ത് പുതിയൊരു കേരളം കെട്ടിപ്പടുക്കുന്നതിനുള്ള രൂപരേഖയ്ക്ക് അടിസ്ഥാനമിടുന്നതിന് കഴിഞ്ഞ 30 ന് നിയമസഭാ സമ്മേളനം വിളിച്ചു കൂട്ടിയത് ഉചിതമായ നടപടിയാണെന്നതില്‍ സംശയമില്ല. എന്നാല്‍ ഈ നിയമസഭാ സമ്മേളനത്തിന്റെ ലക്ഷ്യത്തില്‍ നിന്നും വ്യതിചലിച്ച് തങ്ങളുടെ നിക്ഷിപ്ത താത്പര്യങ്ങള്‍ പ്രകടിപ്പിച്ച പിവി അന്‍വര്‍, തോമസ് ചാണ്ടി, എസ് രാജേന്ദ്രന്‍ എന്നീ എംഎല്‍എമാര്‍ ജനതാത്പര്യത്തേക്കാളുപരി മാഫിയാ താത്പര്യങ്ങളുടെ വക്താക്കളാണെന്ന് ഒരിക്കല്‍ കൂടി തെളിയിച്ചിരിക്കുകയാണ്.

നിലനില്‍പ്പിനായി നമ്മുടെ സഹോദരങ്ങള്‍ കേഴുമ്പോള്‍ അതൊക്കെ കണ്ടില്ലെന്ന് നടിച്ച് നാടും ജനങ്ങളും നശിച്ചാലും തങ്ങളുടെ മാഫിയാ പ്രവര്‍ത്തനങ്ങളും മാഫിയ സംരക്ഷണവും മുന്നോട്ട് കൊണ്ടുപോകുമെന്ന് വ്യക്തമാക്കുന്ന ഇക്കൂട്ടരുടെ നിയമസഭാ ‘പ്രകടനം’ അക്ഷരാര്‍ത്ഥത്തില്‍ ജനങ്ങളോടുള്ള വെല്ലുവിളിയാണ്. കേരളത്തിന് അപമാനകരമാണ്, ജനദ്രോഹപരമാണ്. ഇവരെല്ലാം ഇടതുമുന്നണിക്ക് ബാധ്യതയുമാണ്, സുധീരന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

DONT MISS
Top