ജലന്തര്‍ ബിഷപ്പിനെ അറസ്റ്റ് ചെയ്യാനുള്ള നീക്കം ശക്തമാക്കി അന്വേഷണസംഘം

കോട്ടയം: ജലന്തര്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യണമെന്ന് അന്വേഷണസംഘം ഉന്നത ഉദ്യോഗസ്ഥരോട് ആവശ്യപ്പെടും. ദക്ഷിണമേഖല ഐജിയുടെ നേതൃത്വത്തില്‍ നാളെ ചേരുന്ന ഉന്നതതലയോഗത്തില്‍ ഈ ആവശ്യം അറിയിക്കും. ഐജിയുടെ അനുമതി ലഭിച്ചാലുടന്‍ അറസ്റ്റ് ഉണ്ടായേക്കും.

കേസുമായി ബന്ധപ്പെട്ട് ശേഖരിച്ച മൊഴികളുടെ പരിശോധനയില്‍ നിരവധി പൊരുത്തക്കേടുകളാണ് അന്വേഷണസംഘത്തിന് കണ്ടെത്താനായത്. ഇതിന്റെ അടിസ്ഥാനത്തില്‍ ആരോപണ വിധേയനായ ബിഷപ്പിന്റെ മൊഴി പച്ചക്കള്ളമെന്ന് അന്വേഷണ സംഘം സ്ഥിരീകരിച്ചു. അതിനുള്ള രേഖകളും അന്വേഷണ സംഘത്തിന് ലഭിച്ചു. ബലാത്സംഗകേസില്‍ ആവശ്യമായ തെളിവുകളെല്ലാം ഇതിനോടകം ശേഖരിച്ചുകഴിഞ്ഞു. അതിനാലാണ് ബിഷപ്പിനെ കേരളത്തിലേക്ക് വിളിച്ചുവരുത്താന്‍ അന്വേഷണസംഘം തീരുമാനിച്ചത്.

കേരളത്തില്‍ എത്തിച്ച് രണ്ടാംഘട്ട മൊഴിയെടുപ്പ് പൂര്‍ത്തിയാക്കി അറസ്റ്റ് ഉള്‍പ്പെടെയുള്ള തുടര്‍നടപടികളിലേക്ക് അന്വേഷണസംഘം കടന്നേക്കും. നാളെ കോട്ടയത്ത് ഐജി വിജയ് സാഖറെയുടെ നേതൃത്വത്തില്‍ ചേരുന്ന അവലോകന യോഗത്തില്‍ ഇക്കാര്യം സ്ഥിരീകരിക്കും. ബിഷപ്പിനെ അറസ്റ്റ് ചെയ്യണമെന്ന് അന്വേഷണസംഘം ഉന്നത ഉദ്യോഗസ്ഥരോട് ആവശ്യപ്പെടും. ഐജിയുടെ അനുമതി ലഭിച്ചാലുടന്‍ കേരളത്തിലേക്ക് വിളിച്ചു വരുത്തി അറസ്റ്റ് ചെയ്യാനാണ് സാധ്യത. കേസുമായി സഹകരിച്ച് ബിഷപ്പ് കേരളത്തിലെത്തുമെന്നാണ് അന്വേഷണസംഘത്തിന് ഇപ്പോഴുള്ള പ്രതീക്ഷ. അതുണ്ടായില്ലെങ്കില്‍ മറ്റു നടപടികളിലേക്ക് കടക്കും.

അതിനിടെ കന്യാസ്ത്രീയെ സ്വാധീനിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ ഇടനിലക്കാരനെന്ന് ആരോപിക്കപ്പെട്ട ഷോബി ജോര്‍ജിന്റെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തി. കേസുമായി തനിക്ക് ബന്ധമില്ലെന്നാണ് ഷോബിയുടെ മൊഴി. ജലന്ധറിലേക്ക് പോയിട്ടില്ലെന്നും വാഹനം വാങ്ങാന്‍ ഒരുതവണ പഞ്ചാബില്‍ പോയിരുന്നതായും പൊലീസിനോട് പറഞ്ഞു. ഇക്കാര്യം പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.

DONT MISS
Top