പഞ്ചായത്തിന്റെ അനധികൃത കെട്ടിട നിര്‍മ്മാണം: വൈത്തിരിയില്‍ നിര്‍ധന കുടുംബം പെരുവഴിയില്‍

വയനാട്: വയനാട് വൈത്തിരിയില്‍ അനധികൃത കെട്ടിട നിര്‍മ്മാണത്തെ തുടര്‍ന്ന് നിര്‍ധനരായ കുടുംബം ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുന്നു. പഞ്ചായത്തിനായി കുന്നിടിച്ച് ബസ് സ്റ്റാന്‍ഡ് നിര്‍മ്മിച്ചതിനെ തുടര്‍ന്നാണ് കുടുംബം പെരുവഴിയിലായത്. ഭൂമിക്കടിയിലേക്ക് താഴ്ന്നുപോയ ബസ് സ്റ്റാന്‍ഡ് കെട്ടിടത്തിന് സമീപത്തുള്ള ഇവരുടെ വീട് എതു നിമിഷവും തകര്‍ന്നു വീഴാവുന്ന അവസ്ഥയിലാണ്.

പഞ്ചായത്തിന്റെ അശാസ്ത്രീയമായ കെട്ടിട നിര്‍മ്മാണത്തെ തുടര്‍ന്നാണ് വൈത്തിരിയിലെ റുഖിയയുടെ വീട് അപകടാവസ്ഥയിലായത്. നിര്‍ധനരായ ഇവരുടെ കുടുംബം ഇന്നും ദുരിതാശ്വാസ ക്യാമ്പിലാണ് കഴിയുന്നത്. വര്‍ഷങ്ങളോളം താമസിച്ചിരുന്ന ഇവരുടെ വീട് ഏതു നിമിഷവും തകര്‍ന്നുവിഴാവുന്ന അവസ്ഥയിലാണ്. എതിര്‍പ്പുകള്‍ അവഗണിച്ച് ഇവരുടെ വീടിനു താഴെ പഞ്ചായത്ത് നിര്‍മ്മിച്ച ഇരുനില കെട്ടിടം കനത്ത മഴയില്‍ മണ്ണിനടിയിലേക്കു താണു പോയിരുന്നു.

ബസ് സ്റ്റാന്‍ഡ് നിര്‍മ്മിക്കാന്‍ വൈത്തിരി പഞ്ചായത്ത് വന്‍തോതില്‍ കുന്നിടിച്ചപ്പോള്‍ തന്നെ വീട് അപകടാവസ്ഥയിലാകുമെന്ന് ഇവര്‍ മുന്നറിയിപ്പു നല്‍കിയിരുന്നു. എന്നാല്‍ ഇവരുടെ വാക്കുകള്‍ അധികൃതര്‍ ചെവികൊണ്ടില്ല. കെട്ടിടം തകര്‍ന്ന രാത്രിയില്‍ ഇവര്‍ ഓടിരക്ഷപ്പെടുകയായിരുന്നു. സ്ഥലം കയ്യേറിയതിന് വൈത്തിരി പഞ്ചായത്തിനെതിരെ വീട്ടമ്മയായ റുഖിയ നല്‍കിയ കേസ് ഇപ്പോഴും കോടതിയില്‍ നിലവിലുണ്ട്. പഞ്ചായത്ത് അധികൃതരുടെ അനാസ്ഥയില്‍ കിടപ്പാടം നഷ്ടമായ ഇവര്‍ ബദല്‍ സംവിധാനം ഒരുക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്.

DONT MISS
Top