മുഖ്യമന്ത്രി ചികിത്സയ്ക്കായി അമേരിക്കയില്‍; ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ നേതൃത്വം ഇപി ജയരാജന്

മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ ചികിത്സയ്ക്കായി വിദേശത്തേക്ക് പുറപ്പെട്ടു. അമേരിക്കയിലെ മയോക്ലിനിക്കിലാണ് മുഖ്യമന്ത്രി വിദഗ്ധ ചികിത്സയ്ക്ക് വിധേയനാവുക. മൂന്നാഴ്ചയ്ക്കു ശേഷം മടങ്ങിയെത്താനാണ് തീരുമാനം. മുഖ്യമന്ത്രിയുടെ അഭാവത്തില്‍ പകരം ചുമതല ആര്‍ക്കും നല്‍കിയിട്ടില്ല. മന്ത്രിസഭായോഗത്തില്‍ അധ്യക്ഷത വഹിക്കുന്നതിനും ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനകള്‍ ഏറ്റു വാങ്ങുന്നതിനും ഇപി ജയരാജനെ ചുമതലപ്പെടുത്തി.

പുലര്‍ച്ചെ 4.40 നുള്ള വിമാനത്തില്‍ ദുബായ് വഴിയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ അമേരിക്കയിലേക്ക് പുറപ്പെട്ടത്. ഭാര്യ കമലയും അദ്ദേഹത്തെ അനുഗമിക്കുന്നുണ്ട്. ചികിത്സയ്ക്കും ശസ്ത്രക്രീയക്കും ശേഷം മൂന്നാഴ്ച കഴിഞ്ഞ് മടങ്ങിയെത്തുമെന്ന് കഴിഞ്ഞ ദിവസം ചേര്‍ന്ന മന്ത്രി സഭായോഗത്തില്‍ അദ്ദേഹം അറിയിച്ചിരുന്നു. മുഖ്യമന്ത്രിയുടെ അഭാവത്തില്‍ പകരം ചുമതല ആര്‍ക്കും നല്‍കിയിട്ടില്ല. ഇ ഫയല്‍ സംവിധാനം വഴി അദ്ദേഹം തന്നെ സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കും.

എന്നാല്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ നേതൃത്വം മന്ത്രി ഇപി ജയരാജന്‍ നിര്‍വഹിക്കും. മന്ത്രിസഭായോഗങ്ങളില്‍ അധ്യക്ഷത വഹിക്കുന്നതും ഇപി ജയരാജനായിരിക്കും. മന്ത്രിമാര്‍ കൂട്ടായി പ്രവര്‍ത്തിക്കുമെന്നും ഒരു തരത്തിലുമുള്ള ഭരണസ്തംഭനവും സംസ്ഥാനത്തുണ്ടാകില്ലെന്നും ഇപി റിപ്പോര്‍ട്ടറോട് പറഞ്ഞു. ശാസ്ത്രീയ മാര്‍ഗങ്ങളിലൂടെ മുഖ്യമന്ത്രി തന്നെ കാര്യങ്ങള്‍ക്ക് നേതൃത്വം നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി.

വിദഗ്ധ ചികിത്സയ്ക്കായി കഴിഞ്ഞ മാസം 19-നാണ് മുഖ്യമന്ത്രിയുടെ യാത്ര തീരുമാനിച്ചിരുന്നതെങ്കിലും പ്രളയക്കെടുതിയെ തുടര്‍ന്ന് മാറ്റിവെയ്ക്കുകയായിരുന്നു. ഇന്നലെ ഗവര്‍ണര്‍ ജസ്റ്റീസ് പി സദാശിവവുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തി. ചികിത്സയെക്കുറിച്ചും പ്രളയദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ പുരോഗതിയെക്കുറിച്ചും അദ്ദേഹം ഗവര്‍ണറുമായി ആശയവിനിമയം നടത്തുകയും ചെയ്തിരുന്നു. പ്രളയക്കെടുതിയെ തുടര്‍ന്നുണ്ടായ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നതിനിടെ മുഖ്യമന്ത്രി ചുമതല കൈമാറാതെ ചികിത്സയ്ക്ക് പുറപ്പെട്ടതിനെക്കുറിച്ച് വരും ദിവസങ്ങളില്‍ പ്രതിപക്ഷം വിമര്‍ശനമുയര്‍ത്തിയേക്കും.

DONT MISS
Top