പ്രവാസം പഠിപ്പിച്ചത് അതിജീവനവും സഹിഷ്ണുതയും: അബു ഇരിങ്ങാട്ടിരി

പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന കഥാകൃത്ത് അബു ഇരിങ്ങാട്ടിരിക്ക് ഗ്രന്ഥപ്പുര ജിദ്ദയുടെ സ്‌നേഹോപഹാരം നാസര്‍ വെളിയങ്കോട് സമ്മാനിക്കുന്നു

ജിദ്ദ: കാല്‍നൂറ്റാണ്ട് കാലത്തെ പ്രവാസജീവിതം തന്നെ പഠിപ്പിച്ചത് അതിജീവനവും സഹിഷ്ണുതയുമാണെന്നും ലേകാരാജ്യങ്ങളിലെ വ്യത്യസ്തരായ മനുഷ്യരോടും കാലാവസ്ഥകളോടും നിരന്തരം പോരാടി വിജയിച്ചവരാണ് യഥാര്‍ത്ഥ പ്രവാസികളെന്നും കഥാകൃത്തും നോവലിസ്റ്റുമായ അബു ഇരിങ്ങാട്ടിരി പറഞ്ഞു.

ദേശം വിട്ട് ജീവിക്കുന്നവന്റെ സഹനത്തേക്കാള്‍ വലിയ സഹനം ലോകത്ത് വേറെയില്ല. അതുപോലെത്തന്നെ പ്രവാസിയേക്കാള്‍ മനുഷ്യപ്പറ്റുള്ള മനുഷ്യരും. ഓരോ പ്രവാസിയുടെ ഉള്ളിലും അലിവിന്റെ വലിയൊരു പൂമരും എപ്പോഴും സുഗന്ധം പരത്തിക്കൊണ്ടേയിരിക്കും. ആ മണം ആസ്വദിക്കാനും മരത്തെ പുകഴ്ത്താനും ആളുകളുമുണ്ടാവും. എന്നാല്‍, അതിന്റെ സുഗന്ധം ഒരു കാലത്തും ഒരു പ്രവാസിക്കും നുകരാന്‍ കഴിഞ്ഞെന്നുവരില്ല. ഉള്ളില്‍ വളരുന്ന പൂമരസുഗന്ധം അവനവന്‍ കൂടി ആസ്വദിക്കുമ്പോഴേ ജീവിതം സാര്‍ഥകമാവൂ. അല്ലെങ്കില്‍ കാലമേറെച്ചെല്ലുമ്പോള്‍ പൂമരം കരിഞ്ഞുണങ്ങി വെറും ഉണക്ക മരമായിത്തീരും, അബു ഇരിങ്ങാട്ടിരി പറഞ്ഞു.

പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന അബു ഇരിങ്ങാട്ടിരിക്ക് ഗ്രന്ഥപ്പുര ജിദ്ദ നല്‍കിയ വിപുലമായ യാത്രയയപ്പ് യോഗത്തില്‍ മറുപടി പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. ഭൗതികമായും സര്‍ഗാത്മകമായും ഒട്ടേറെ അനുഗ്രഹങ്ങള്‍ സൗദി അറേബ്യ എനിക്ക് നല്‍കിയിട്ടുണ്ട്. മറ്റെല്ലാവരേയും പോലെ ഞാനും വളരെ ചെറിയ ഒന്നുരണ്ട് ആഗ്രഹങ്ങളുമായി വന്നവനാണ്. കാല്‍നൂറ്റാണ്ടു കാലത്തെ ജിദ്ദാ ജീവിതത്തിനുശേഷം ഏറെ സംതൃപ്തിയോടെയാണ് മടങ്ങുന്നത്. ഇനിയുള്ള കാലം എഴുത്തും വായനയും സാംസ്‌കാരിക പ്രവര്‍ത്തനങ്ങളുമായി നടക്കാനാണ് പദ്ധതി. അദ്ദേഹം ആവേശത്തോടെ പറഞ്ഞു.

ഷറഫിയ്യ കെഎംസിസി ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ഷാജു അത്താണിക്കല്‍ അധ്യക്ഷത വഹിച്ചു. നാസര്‍ വെളിയങ്കോട് ഗ്രന്ഥപ്പുര ജിദ്ദയുടെ സ്‌നേഹോപഹാരം അബു ഇരിങ്ങാട്ടിരിക്ക് കൈമാറി. നസീര്‍ വാവക്കുഞ്ഞ് അബു ഇരിങ്ങാട്ടിരിയേയും പുസ്തകങ്ങളേയും പരിചയപ്പെടുത്തി. ഗോപി നെടുങ്ങാടി, വി ഖാലിദ്, പ്രൊഫ ഇസ്മയില്‍ മരിതേരി, സികെ ഷാക്കിര്‍, പിഎം മായിന്‍കുട്ടി, അബ്ദുള്ള മുക്കണ്ണി, മുഹമ്മദ് ശിഹാബ്, ശിഹാബ് കരുവാരക്കുണ്ട്, ഹംസ ഏലാന്തി, സുബൈര്‍ വലമ്പൂര്‍, മുസ്തഫ കാപ്പുങ്ങല്‍, വേങ്ങര നാസര്‍, സിസി കരീം എന്നിവര്‍ സംസാരിച്ചു. അരുവിമോങ്ങം കവിത അവതരിപ്പിച്ചു. ഫൈസല്‍ മമ്പാട് സ്വാഗതവും സലാം ഒളവട്ടൂര്‍ നന്ദിയും പറഞ്ഞു.

DONT MISS
Top