ഹജ്ജ് മിഷന്‍ ആശുപത്രികളില്‍ സജീവ സാന്നിധ്യമായി ഇന്ത്യ ഫ്രറ്റെര്‍ണിറ്റി ഫോറം

മക്ക: ഹജ്ജിന് ശേഷം ആശുപത്രിയിലെത്തുന്ന തീര്‍ത്ഥാടകരെ സഹായിക്കുന്നതിനായി ഇന്ത്യ ഫ്രറ്റെര്‍ണിറ്റി ഫോറം പ്രവര്‍ത്തകര്‍ ഹജ്ജ് മിഷന്‍ ആശുപത്രിയില്‍ സേവന നിരതരാവുന്നു. ഹജ്ജ് മിഷന്റെ അസീസിയയില്‍ പ്രവര്‍ത്തിക്കുന്ന 40 ബെഡ്, 30 ബെഡ് ആശുപത്രികളിലും മക്ക ഗ്രീന്‍ കാറ്റഗറിയിലുള്ള 10 ബെഡ് ആശുപത്രിയിലുമാണ് ഫ്രറ്റെര്‍ണിറ്റി ഫോറം വളണ്ടിയര്‍മാരുടെ സേവനം.

ആശുപത്രിയിലെത്തുന്ന തീര്‍ത്ഥാടകരെ വീല്‍ചെയറുകളുടെ സഹായത്തോടെ ഡോക്ടറുടെ അടുത്തെത്തിക്കുക, ഭാഷ മൊഴിമാറ്റം നല്‍കി സഹായിക്കുക, ആംബുലന്‍സ് സര്‍വീസിന് സഹായം ചെയ്യുക തുടങ്ങിയ സേവനങ്ങളാണ് പ്രധാനമായും ചെയ്യുന്നത്. അത്യാവശ്യ ഘട്ടങ്ങളില്‍ സൗദിയിലെ പ്രധാന ആശുപത്രികളിലേക്ക് റഫര്‍ ചെയ്യുന്ന രോഗികളെയും ഫോറം പ്രവര്‍ത്തകര്‍ അനുഗമിക്കുന്നുണ്ട്. അവശരായവരെ കുളിപ്പിക്കുകയും മറ്റ് പ്രാഥമിക കാര്യങ്ങള്‍ക്ക് സഹായിക്കുകയും ചെയ്യുന്നു.

അറഫ സംഗമത്തിന് ശേഷം നിരവധി ഹാജിമാരാണ് വിവിധ അസുഖങ്ങളാല്‍ ആശുപത്രിയിലെത്തുന്നത്. പനി, ചുമ, ജലദോഷം, അലര്‍ജി തുടങ്ങിയവയുമായെത്തുന്നവരാണ് കൂടുതലും. കൂടാതെ അസുഖങ്ങളാല്‍ നാട്ടില്‍ നിന്നെത്തി ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉള്ളവരും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ആശുപത്രികള്‍ക്ക് പുറമെ എല്ലാ ബ്രാഞ്ചുകളിലും ക്ലിനിക്കുകളും പ്രവര്‍ത്തിക്കുന്നുണ്ട്. ഫ്രറ്റെര്‍ണിറ്റി ഫോറം ഹെല്‍പ്‌ലൈന്‍ മുഖേനെ എത്തുന്ന കേസുകള്‍ ഫോറം പ്രവര്‍ത്തകര്‍ നേരിട്ട് ഹാജിമാരുടെ താമസ സ്ഥലത്തെത്തി വാഹനങ്ങളിലും മറ്റുമായാണ് ആശുപത്രിയിലെത്തിക്കുന്നത്.

അസീസിയ ആശുപത്രിയിലെത്തുന്ന വനിതാ ഹാജിമാര്‍ക്ക് സഹായവുമായി വിമന്‍സ് ഫ്രറ്റെര്‍ണിറ്റി ഫോറം പ്രവര്‍ത്തകരുടെ സഹായവും ലഭിക്കുന്നുണ്ട്. വൈകുന്നേരം മുതലാണ് വിമന്‍സ് ഫ്രറ്റെര്‍ണിറ്റി പ്രവര്‍ത്തകര്‍ ആശുപത്രികളിലെത്തുന്നത്. അസീസിയ 40 ബെഡ് ആശുപത്രിയില്‍ അബ്ദു ലത്തീഫ് കുറ്റിപ്പുറം, 30 ബെഡില്‍ അബ്ദുസലാം മിര്‍സ, മക്ക ഗ്രീന്‍ കാറ്റഗറിയിലെ 10 ബെഡ് ആശുപത്രിയില്‍ സലിം ഉളിയില്‍ എന്നിവരുടെ നേതൃത്ത്വത്തിലാണ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. വിവിധ ഷിഫ്റ്റുകളില്‍ പ്രവര്‍ത്തകരെത്തുന്നത് ആശുപത്രി ജീവനക്കാര്‍ക്കും ഏറെ അനുഗ്രഹമാണ്.

ഇന്ത്യന്‍ ഹജ്ജ് മിഷന്‍ അധികൃതരുടെ നിര്‍ദ്ദേശ പ്രകാരമാണ് ഫോറം പ്രവര്‍ത്തകരുടെ സേവനം മുഴുവന്‍ സമയവും ലഭ്യമാവുന്നത്. സാലിഹ് ചങ്ങനാശേരി, ഉബൈദ് മംഗലാപുരം, ഷുക്കൂര്‍ മാന്നാര്‍, അബ്ദുനാസര്‍ ചങ്ങരംകുളം, സജിന്‍ പത്തനത്തിട്ട, അബു ലൈസ് കോതമംഗലം, ജമാല്‍ ചെന്നൈ എന്നിവരുടെ കീഴില്‍ വിവിധ ഷിഫ്റ്റുകളില്‍ പ്രവര്‍ത്തകര്‍ സജീവമാകുന്നു. അവസാന ഹാജിയും നാട്ടിലേക്ക് തിരിച്ചു പോകുന്നത് വരെ ആശുപത്രിയില്‍ സേവനം തുടരുമെന്ന് വളണ്ടിയര്‍ കോ-ഓര്‍ഡിനേറ്റര്‍ അബ്ദുല്ല അബൂബക്കര്‍, ക്യാപ്റ്റന്‍ അബ്ദുല്‍ ഗഫാര്‍ എന്നിവര്‍ അറിയിച്ചു.

DONT MISS
Top