സമൂഹമാധ്യമങ്ങളിലൂടെ ഭിന്നിപ്പിക്കാനുള്ള സന്ദേശങ്ങള്‍ പ്രചരിപ്പിക്കരുത്; നിര്‍ദേശവുമായി കേരള പൊലീസ്

തിരുവനന്തപുരം: സമൂഹമാധ്യമങ്ങളില്‍ ഭിന്നിപ്പിക്കാനുള്ള സന്ദേശങ്ങള്‍ പ്രചരിപ്പിക്കരുതെന്ന നിര്‍ദേശവുമായി കേരള പൊലീസ്. സമൂഹമാധ്യമങ്ങള്‍ ഭിന്നിക്കാനുള്ളതല്ല ഒന്നിക്കാനുള്ളതാണ് എന്ന നിര്‍ദേശവും ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ കേരള പൊലീസ് നല്‍കുന്നു. വ്യക്തിപരമായ അഭിപ്രായ വ്യത്യാസത്തില്‍ തമിഴ് യുവാവും മലയാളി യുവതിയും നടത്തിയ പ്രതികരണങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്ന സാഹചര്യത്തിലാണ് കേരള പൊലീസ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

യുവതിയുടെയും യുവാവിന്റെയും വ്യക്തിപരമായ പ്രശ്‌നങ്ങള്‍ പലരും ഏറ്റെടുക്കുകയും കേരളത്തിന്റെ തമിഴ്‌നാടിന്റെയും പ്രശ്‌നമായി ചിത്രീകരിക്കുകയും ചെയ്യുന്നുണ്ട്. പരസ്പരം അധിക്ഷേപിച്ചുകൊണ്ടുള്ള ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

ഇത്തരം പ്രവണതകള്‍ അപരിഷ്‌കൃതവും അവിവേകവുമാണ്. കേരളത്തിലെയും തമിഴ് നാട്ടിലെയും പ്രബുദ്ധവും സംസ്‌കാരസമ്പന്നവുമായ യുവജനങ്ങള്‍ പരസ്പരബഹുമാനവും സഹവര്‍ത്തിത്വവും നിലനിര്‍ത്തണമെന്നും ഇത്തരം വിഷയങ്ങളില്‍ ജാഗ്രതയോടെ പെരുമാറണമെന്നും അഭ്യര്‍ത്ഥിക്കുന്നുതായും ദയവായി ഇത്തരം വിഡിയോകള്‍ പ്രചരിപ്പിക്കരുത് എന്നും കേരള പൊലീസ് ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലൂടെ ആവശ്യപ്പെട്ടു.

DONT MISS
Top