കെ രാജുവിന്റെ വിദേശ യാത്ര പാര്‍ട്ടി നേതൃത്വം അറിഞ്ഞിരുന്നില്ല; വിശദീകരണം തേടുമെന്ന് കാനം

കെ രാജു

തിരുവനന്തപുരം: സംസ്ഥാനം കടുത്ത പ്രളയ ദുരിതം നേരിടുന്നതിനിടെ വിദേശയാത്ര നടത്തിയ മന്ത്രി കെ രാജുവിനോട് സിപിഐ വിശദീകരണം തേടും. സംഭവം പാര്‍ട്ടിക്കും സര്‍ക്കാരിനും വലിയ നാണക്കേടുണ്ടാക്കിയ സാഹചര്യത്തിലാണ് നടപടി. മന്ത്രിയുടെ സന്ദര്‍ശനം പാര്‍ട്ടി നേതൃത്വം അറിഞ്ഞിരുന്നില്ലെന്നും അതുകൊണ്ടാണ് വിശദീകരണം ആവശ്യപ്പെടുന്നതെന്നും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പ്രതികരിച്ചു.

ഇക്കഴിഞ്ഞ 16നാണ് ലോകമലയാളി കൗണ്‍സിലിന്റെ പരിപാടിയില്‍ പങ്കെടുക്കുന്നതിനായി മന്ത്രി കെ രാജു ജര്‍മനിയിലേക്ക് പുറപ്പെട്ടത്. ഇത്തരം യാത്രകള്‍ക്ക് പാര്‍ട്ടി സെക്രട്ടറിയുടെ അനുമതി ആവശ്യമാണെങ്കിലും കാനം രാജേന്ദ്രന്‍ പോലും ഇതേക്കുറിച്ച് അറിഞ്ഞിരുന്നില്ല. കടുത്ത നാശനഷ്ടമുണ്ടായ കോട്ടയം ജില്ലയിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനുള്ള ചുമതലായായിരുന്നു രാജുവിനെ ഏല്‍പ്പിച്ചിരുന്നത്. എന്നാല്‍ ജില്ലയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്ന സാഹചര്യം പോലും വകവെയ്ക്കാതെ മന്ത്രി ജര്‍മനിയ്ക്കു വിമാനം കയറി. സംഭവം വിവാദമായതോടെ സിപിഐ എക്‌സിക്യൂട്ടീവ് കൗണ്‍സിലിലും ഇതേക്കുറിച്ച് വിമര്‍ശനങ്ങളുയര്‍ന്നു. ഇതിന് പിന്നാലെയാണ് മന്ത്രിയോട് മടങ്ങിയെത്താന്‍ പാര്‍ട്ടി നിര്‍ദേശിച്ചത്. യാത്രയെക്കുറിച്ച് പാര്‍ട്ടി അറിഞ്ഞിരുന്നില്ലെന്നും വിഷയം പാര്‍ട്ടി ചര്‍ച്ച ചെയ്യുമെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു.

എക്‌സിക്യൂട്ടീവ് കൗണ്‍സിലിലെ വലിയ വിഭാഗം മന്ത്രിയെ സ്ഥാനത്ത് നീക്കണമെന്ന ആവശ്യവും ശക്തമാക്കിയിട്ടുണ്ട്. കോട്ടയം ജില്ലാക്കമ്മിറ്റിയ്ക്കും സമാന അഭിപ്രായമാണുള്ളത്. നിലവിലെ സാഹചര്യത്തില്‍ എക്‌സിക്യൂട്ടീവിലും കൗണ്‍സിലിലും ആരും മന്ത്രിയെ പിന്തുണയ്ക്കാന്‍ സാധ്യതയില്ല. അതേസമയം താന്‍ വിദേശയാത്രയ്ക്കു പോയത് ധനസമാഹരണത്തിന് വേണ്ടിയാണെന്ന വാദമാകും രാജു മുന്നോട്ടു വെയ്ക്കുക എന്നാണ് സൂചന.

DONT MISS
Top