കശ്മീരില്‍ ആറ് പൊലീസ് ഉദ്യോഗസ്ഥരുടെ കുടുംബാംഗങ്ങളെ തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയി

ശ്രീനഗര്‍: ജമ്മുകശ്മീരില്‍ പൊലീസ് ഉദ്യോഗസ്ഥരുടെ കുടുംബാംഗങ്ങളെ തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയി. ആറ് പൊലീസ് ഉദ്യോഗസ്ഥരുടെ പതിനൊന്നോളം ബന്ധുക്കെളെയാണ് തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയത്. നാല് ജില്ലകളിലെ നിരവധി പൊലീസ് ഉദ്യോഗസ്ഥരുടെ വീടുകളിലും തീവ്രവാദികള്‍ കടന്നാക്രമണം നടത്തി.

സുരക്ഷാ ഉദ്യോഗസ്ഥര്‍ കഴിഞ്ഞ ദിവസം തീവ്രവാദികളുടെ വീടുകളില്‍ റെയ്ഡ് നടത്തുകയും അവരുടെ കുടുംബാംഗങ്ങളെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. തുടര്‍ന്ന് പൊലീസിനുമേല്‍ സമ്മര്‍ദ്ദം ചെലുത്താനാണ് കുടുംബാംഗങ്ങളെ തട്ടിക്കൊണ്ടുപോയതെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

വ്യാഴാഴ്ച പുല്‍വാമയിലുള്ള പൊലീസ് ഉദ്യോസ്ഥനെ തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോവുകയും ഇയാളെ മര്‍ദ്ദിച്ചവശനാക്കി ചോദ്യം ചെയ്യുകയും ചെയ്ത് വിട്ടയക്കുകയും ചെയ്തിരുന്നു. കൂടാതെ പുല്‍വാമ, ആനന്ത്‌നാഗ്, കുല്‍ഗാം ജില്ലകളിലെ പൊലീസ് ഉദ്യോഗസ്ഥരുടെ വീടുകളില്‍ തീവ്രവാദികള്‍ അതിക്രമിച്ച് കടക്കുകയും കുടുംബാംഗങ്ങളെ തട്ടിക്കൊണ്ടു പോവുകയും ചെയ്തത്.

തട്ടിക്കൊണ്ടുപോയവരുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനും അവരെ മോചിപ്പിക്കുന്നതിനുമുള്ള ശ്രമങ്ങള്‍ നടത്തി വരുന്നതായും ഉന്നത പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

DONT MISS
Top