‘ഗീബല്‍സിന്റെ കേരളാ പതിപ്പായ തോമസ് ഐസകില്‍ നിന്ന് ആരും സത്യം പ്രതീക്ഷിക്കുന്നില്ല’; നോട്ടുനിരോധന വിഷയത്തില്‍ കെ സുരേന്ദ്രന്‍

കെ സുരേന്ദ്രന്‍

കൊച്ചി: ഒരു നുണ നൂറുതവണ ആവര്‍ത്തിച്ചാല്‍ അത് സത്യമാവുമെന്ന് പറഞ്ഞ ഗീബല്‍സിന്റെ കേരളാ പതിപ്പായ ഡോ തോമസ് ഐസകില്‍ നിന്ന് ആരും സത്യം പ്രതീക്ഷിക്കുന്നില്ലെന്ന് ബിജെപി നേതാവ് കെ സുരേന്ദ്രന്‍. നോട്ടുനിരോധനത്തിനുശേഷം 18 ലക്ഷം അക്കൗണ്ടുകളില്‍ നിന്നായി മൂന്ന് ലക്ഷം കോടിയിലധികം വരുന്ന കണക്കില്‍പ്പെടാത്ത പണം ബാങ്കുകളില്‍ വന്നിട്ടുണ്ടെന്ന സത്യം അദ്ദേഹം കാണാതെ പോവുകയാണെന്നും സുരേന്ദ്രന്‍ പറഞ്ഞു.

2013-14 ല്‍ രാജ്യത്തിന്റെ നികുതിവരുമാനം 6.38 ലക്ഷം കോടിയായിരുന്നെങ്കില്‍ 2017-18 ല്‍ അത് 10.2 ലക്ഷം കോടിയാണ്. 2014 മാര്‍ച്ചില്‍ രാജ്യത്ത് 3.8 കോടി നികുതിദായകരാണുണ്ടായിരുന്നത്. 2017-18 ല്‍ 6. 86 കോടിയാണ്. ജിഎസ്ടി വഴി വര്‍ധിച്ചത് 72.5 ശതമാനം നികുതിദായകരാണ്. 66.17 ആളുകളില്‍നിന്ന് 1.14 കോടിയായി നികുതിദായകരുടെ എണ്ണം വര്‍ധിച്ചു. പണമുള്ളവരെല്ലാം ഇടപാടുകള്‍ ബാങ്കുവഴിയാക്കി. ഹവാല ഇടപാടുകള്‍ കുറഞ്ഞു. രണ്ടുലക്ഷം ഷെല്‍ കമ്പനികളെ പൂട്ടിച്ചു. ബിനാമി പ്രോപ്പര്‍ട്ടി നിയമം ശക്തമാക്കി. സമ്പദ്ഘടന സുതാര്യമാക്കി. സംസ്ഥാനങ്ങള്‍ക്കുള്ള വിഹിതം വര്‍ധിപ്പിക്കാനായെന്നും സുരേന്ദ്രന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

എന്തിനേയും എതിര്‍ക്കുക എന്ന നശീകരണ വാസനയാണ് തോമസ് ഐസക്കിനെ നയിക്കുന്നത്. ജിഎസ്ടിയെ ആദ്യം നഖശിഖാന്തം എതിര്‍ത്ത ഐസക്കിന് പിന്നീട് മാറ്റി പറയേണ്ടിവന്നു. എഡിബി ഉദ്യോഗസ്ഥരെ കരി ഓയില്‍ ഒഴിച്ചു. ഇപ്പോള്‍ സ്തുതി പാടുന്നു. പ്രളയദുരിതത്തിലെ വീഴ്ച മറയ്ക്കാന്‍ പുതിയ അടവുമായി ഇറങ്ങിയിരിക്കുകയാണ് ഐസക്ക്. പിണറായി വിജയന്‍ കേന്ദ്രസര്‍ക്കാരിനെ പ്രകീര്‍ത്തിക്കുന്നതുകൊണ്ടാണ് ഐസക് കേന്ദ്രവിരുദ്ധ നീക്കം ശക്തിപ്പെടുത്തുന്നതെന്ന് പാര്‍ട്ടിക്കുള്ളിലെ കരക്കമ്പി, സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

DONT MISS
Top