മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലെ തുക ആയിരം കോടി കവിഞ്ഞു

തിരുവന്തപുരം: പ്രളയത്തില്‍ തകര്‍ന്ന കേരളത്തെ പുനര്‍നിര്‍മ്മിക്കാന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എത്തിയ തുക ആയിരം കോടി കവിഞ്ഞു. ഇന്നലെ വരെ ദുരിതാശ്വാസ നിധിയിലേക്ക് എത്തിയത് 1026 കോടിയാണെന്ന് മുഖ്യമന്ത്രി അറിയിച്ചു. 4.17 ലക്ഷം ആളുകള്‍ ഓണ്‍ലൈന്‍ വഴിയാണ് സംഭാവന നല്‍കിയതെന്നതും ശ്രദ്ധേയമാണ്.

ആറ് പതിറ്റാണ്ട് കൊണ്ട് കേരളം ആര്‍ജിച്ചെടുത്തത്രയും നിലയ്ക്കാതെ പെയ്ത മഴയെടുത്തപ്പോള്‍ നാടിന് കൈത്താങ്ങ് നല്‍കിയവരുടെ പട്ടിക ചെറുതല്ല. നാടിനെ സ്‌നേഹിക്കുന്ന പ്രവാസികള്‍ മുതല്‍ വിദേശരാജ്യങ്ങളില്‍ നിന്നുള്ളവര്‍ വരെ സഹായവുമായി രംഗത്ത് വന്നു. പ്രളയ ശേഷം ആദ്യം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ തന്നെ സംസ്ഥാനം നേരിട്ട ദുരന്തത്തിന്റെ ആഘാതം മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. ദൈവത്തിന്റെ സ്വന്തം നാട് പുനര്‍നിര്‍മിക്കേണ്ട സാഹചര്യമാണെന്ന മുഖ്യമന്ത്രിയുടെ വാക്കുകള്‍ ലോകമേറ്റെടുത്തു.

അച്ഛന്‍ തനിക്കും അനുജനുമായി നല്‍കിയ ഒരേക്കര്‍ സ്ഥലം എല്ലാം നഷ്ടപ്പെട്ടവര്‍ക്ക് നല്‍കിയ പതിനൊന്നാം ക്ലാസുകാരി സ്വാഹ മുതല്‍ എട്ട് കോടി രൂപ ഫെയ്‌സ് ബുക്ക് വഴി ശേഖരിച്ച് സംസ്ഥാനത്തിന് കൈമാറിയ അമേരിക്കയില്‍ നിന്നുള്ള മലയാളികൂട്ടായ്മ വരെ സുമനസുകളുടെ ചങ്ങലക്കണ്ണിയില്‍ അണിചേര്‍ന്നു. രാജ്യത്തിനകത്തു നിന്നും പുറത്തു നിന്നും സഹായങ്ങള്‍ പ്രവഹിച്ചു. ചെക്കായും പണമായും ഇതുവരെ ദുരിതാശ്വാസ നിധിയിലേക്ക് ലഭിച്ചിരിക്കുന്നത് 835.86 കോടി രൂപയാണ്. ഓണ്‍ലൈന്‍ വഴി മാത്രം 4.17 ലക്ഷം പേരും സഹായം നല്‍കി.  ട്രഷറികള്‍ വഴിയടച്ച സംഭാവനയും സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളത്തില്‍ നിന്നു പിടിച്ച തുകയും കുറച്ചുള്ള തുകയാണ് ഇത്. മുഖ്യമന്ത്രിയുടെ സാലറി ചലഞ്ച് സമൂഹം ഏറ്റെടുത്തതോടെ വരും ദിവസങ്ങളില്‍ കൂടുതല്‍ തുക ദുരിതാശ്വാസ നിധിയിലേക്ക് എത്തുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്.

DONT MISS
Top